പേരാമ്പ്ര: മിറോട് മല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലുടനീളമുള്ള മുപ്പതിൽപരം സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തി.

കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ ,മേപ്പയ്യൂർ, തുറയൂർ പഞ്ചായത്തുകളിൽ 140 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഭൂവിഭാഗമാണ് മീറോട് മല .

പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം, കൃഷി, ഭക്ഷണം, ശുദ്ധവായു, തൊഴിൽ തുടങ്ങിയവയെല്ലാം മലയുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. മീറോട് മലയുടെ ഘടനയിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും താഴ്‍വരയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത 140 ഏക്കറും‍ അതിൽ കൂടുതലായുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയും ചേർന്നതാണ് മീറോട് മല. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഭൂരിഭാഗവും ഭൂമിയില്ലാത്തവർക്കായി പതിച്ചു നൽകിയിട്ടുണ്ട്. വാഹനസൗകര്യം കുടിവെള്ളലഭ്യത തുടങ്ങിയവയുടെ അഭാവം മൂലം ഭൂമി ലഭിച്ച ആരും ഇവിടെ വീട് വെച്ചിട്ടില്ല.

ഭൂമി ലഭിച്ച ആളുകളിൽ നിന്ന് ചെങ്കൽ ഖനനലോബി ഭൂമി വിലയ്ക്ക് വാങ്ങുകയും ഖനനത്തിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അപകടകരമായ രീതിയിൽ ഖനനം നടത്തുകയുമാണ് ചെയ്യുന്നത്.

ഖനനം തുടർന്നാൽ കുന്നിൻ താഴ്‍വരയിലുള്ള പ്രദേശങ്ങൾ ദുരന്തഭൂമിയായി മാറാൻ അധികം താമസമുണ്ടാകില്ലെന്ന് ഇതിനോടകം തന്നെ പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വറ്റാത്ത നീരുറവകളുണ്ടായിരുന്ന ചമ്പഭാഗത്തെ ചോലയിൽ പ്രദേശം

വരണ്ടുണങ്ങുന്ന സ്ഥിതിയാണ് . കണിയാണ്ടി കൊല്ലി ഭാഗവും മഴ കഴിയുന്നതോടെ വരണ്ടുണങ്ങുന്ന അവസ്ഥയിലെത്തി. ഈ പ്രദേശങ്ങളിൾ കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഖനന ഫലമായി മലയുടെ മുകളിൽ രൂപപ്പെട്ട കുഴികളും മൺകൂനകളും മഴക്കാലത്ത് താഴ്‍വരയ്ക്ക് ഭീഷണിയാണ്. മലയിൽ നടക്കുന്ന ഖനനപ്രവർത്തനങ്ങൾ നിർത്തിവെക്കാനാവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് കൽപ്പറ്റ നാരായണൻ, ടി.പി.രാജീവൻ, പ്രൊഫ: വീരാൻ കുട്ടി, കെ.അജിത,

ഡോ.ഖദീജ മുംതാസ്, മനോജ് കാന, പ്രകാശ് ബാരെ,ജോളി ചിറയത്ത് ശിവദാസ് പുറമേരി, രമേശ് കാവിൽ,സോമൻ കടലൂർ,സി.ആർ.നീലകണ്ഠൻ, പ്രൊഫ: കുസുമം ജോസഫ് (എൻ.എ.പി.എം), പി.ജെ.ബേബി (എഡിറ്റർ, സോഷ്യൽ ഔട്ട്ലുക്ക് ),കെ. സഹദേവൻ, പ്രൊഫ: വി. വിജയകുമാർ, സിവിക് ചന്ദ്രൻ, ഡോ.കെ.എൻ. അജോയ് കുമാർ തുടങ്ങിയവർ പ്രസ്താവനയിൽആവശ്യപ്പെട്ടു .