പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ആവള - പെരിഞ്ചേരി കടവിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റതിനെത്തുടർന്ന് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവന്നു. ഹർത്താൽ ദിനത്തിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ബഹളത്തിനും സംഘർഷാവസ്ഥയ്ക്കുംഇടയാക്കി.

തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കാനും തിരഞ്ഞെടുപ്പ് നടത്താനും അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ്.പ്രവർത്തകർ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയത്.പ്രതിഷേധക്കാരെ മേപ്പയ്യൂർ എസ്.ഐ,എൻ.ടി -ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കി രംഗം ശാന്തമാക്കി. ചെറുവണ്ണൂർ മണ്ഡലം കോൺ: കമ്മിറ്റി പ്രസിഡന്റ് എം.കെ. സുരേന്ദ്രൻ, ഡി.സി.സി. മെമ്പർ വി.ബി. രാജേഷ്, പാലിശ്ശേരി കുഞ്ഞമ്മദ്, യൂത്ത്കോൺ: ബ്ലോക്ക് സെക്രട്ടറി എം.പി. വിനീഷ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സി.പി. കുഞ്ഞമ്മദ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി .