voting-machine-

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി ജില്ലയിൽ വോട്ടിംഗ് മെഷീനുകളുടെ പരിശോധന തുടങ്ങി. വെള്ളയിലെ സെൻട്രൽ വെയർ ഹൗസിംഗ് ഗോഡൗണിൽ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ടി. ജനിൽകുമാറിന്റെ മേൽനോട്ടത്തിലാണ് പ്രാഥമിക പരിശോധനകൾ നടക്കുന്നത്. 4,400 വീതം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളും 4,700 വിവി പാറ്റ് മെഷീനുകളുമാണ് പരിശോധനയ്ക്കായി എത്തിയിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പിൽ ഉപയോഗിച്ച മെഷീനുകളാണ് ജില്ലയിലെത്തിച്ചത്. 200 വീതം മെഷീനുകൾ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്ന് അടുത്ത ദിവസം എത്തിക്കും. മുൻ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ബാലറ്റ്, സീൽ എന്നിവ മാറ്റൽ, മെഷീന്റെ കാര്യക്ഷമതാ പരിശോധന എന്നിവയാണ് നടക്കുന്നത്. 30ന് തുടങ്ങിയ പരിശോധനയിൽ 2000ത്തിലധികം മെഷീനുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തി. കൺട്രോൾ, ബാലറ്റ് യൂണിറ്റുകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും വിവി പാറ്റ് മെഷീനുകളുടെ പരിശോധന.
വോട്ടിംഗ് മെഷീനിലെ പഴയ ബാലറ്റ് പേപ്പർ, ടാഗ് തുടങ്ങിയവ നീക്കം ചെയ്ത ശേഷം മെഷീൻ നിർമ്മിച്ച കമ്പനിയിലെ എൻജിനിയർമാർക്ക് കൈമാറും. ഇതിനായി 8 എൻജിനിയർമാർ കേന്ദ്രത്തിലുണ്ട്. വീണ്ടും സെറ്റ് ചെയ്യുന്ന മെഷീൻ എൻജിനിയർമാർ പരിശോധിച്ച് തകരാറില്ലാത്തവ 'മോക് പോൾ' കൂടി നടത്തിയ ശേഷം ഗോഡൗണിലേക്ക് മാറ്റും. ഇവിടെ നിന്നായിരിക്കും തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മെഷീൻ റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറുക.
റവന്യൂ, ഇലക്ഷൻ തുടങ്ങിയ വകുപ്പുകളിലെ മുപ്പതോളം ജീവനക്കാരാണ് പരിശോധന കേന്ദ്രത്തിലുള്ളത്. കർശനമായ പൊലീസ് സുരക്ഷ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.