പുൽപ്പള്ളി: കബനി തീരത്തെ കൊളവള്ളിയിൽ റെയ്ഞ്ച് ഓഫീസറെ ആക്രമിച്ച കടുവയെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. കടുവയെ പിടികൂടുന്നതിന് പ്രദേശത്ത് വനംവകുപ്പ് മറ്റൊരു കൂട് കൂടി സ്ഥാപിച്ചു.
രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. സി.സി.എഫ് വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനപാലകർ തെരച്ചിലിൽ പങ്കെടുത്തു. കടുവയുടെ കാൽ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ.
രാവിലെ കൊളവള്ളിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വിവിധകേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിനായി ടീമുകളെ നിശ്ചയിച്ചു. വൈകീട്ട് 6 മണി വരെ തെരച്ചിൽ നടത്തിയെങ്കിലും കടുവയുടെ സാമിപ്യം എങ്ങും കണ്ടില്ല.
നാട്ടുകാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയതിന് ശേഷമായിരുന്നു തെരച്ചിൽ. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ചെതലയത്ത് റെയ്ഞ്ച് ഓഫീസർ ടി ശശികുമാർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊളവള്ളിയിൽ നിരവധി വളർത്തുമൃഗങ്ങളെ ഇതിനകം കടുവ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം സീതാമൗണ്ടിൽ കടുവയെ കണ്ടതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് റെയിഞ്ച് ഓഫീസറെ കടുവ ആക്രമിച്ചത്. അതിനുശേഷം കടുവയെ കണ്ടിട്ടില്ല.
150-ഓളം വരുന്ന വനപാലക സംഘത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയത്. രാത്രിയിലും പട്രോളിംഗ് തുടർന്നു. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബു പറഞ്ഞു.
സി സി എഫ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് തമ്പടിച്ചാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. കടുവയെ മടക്കുവെടിവച്ച് പിടികൂടണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി എന്നിവരോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ഭീതി അകറ്റാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുളളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ ആവശ്യപ്പെട്ടു.
പുൽപ്പള്ളി: ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശശികുമാറിനെ ആക്രമിച്ച കടുവയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. മനുഷ്യനേക്കാൾ പ്രാധാന്യം വന്യജീവികൾക്ക് നൽകുന്ന അവസ്ഥയാണ് ഇപ്പോൾ. കഴിഞ്ഞ ഒരാഴ്ചയായി കൊളവള്ളി മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. കടുവയെ പിടികൂടണമെന്ന് ദിവസങ്ങൾക്കുമുമ്പുതന്നെ ആവശ്യപ്പെട്ടെങ്കിലും നടപടി വൈകിയാണ് ഉണ്ടായത്. പ്രദേശവാസികൾക്ക് സ്വൈര്യജീവിതം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ് വിപിൻ ചെമ്പക്കര, ഫെബിൻടോം എന്നിവർ സംസാരിച്ചു.
നാട്ടുകാർ ഭീതിയിൽ തന്നെ
പുൽപ്പള്ളി: കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നത് നാട്ടുകാരെ ആശങ്കയിലാക്കി. ഒരു ദിവസം മുഴുവൻ നടത്തിയ തെരച്ചിലിൽ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തി തെരച്ചിൽ തുടരും. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശം കടുവ ഭീതിയിലാണ്. നാട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. തൊഴിലുറപ്പ് പണികൾ നിർത്തിവച്ചിരിക്കുകയാണ്. ഇവിടെ പാൽ എടുക്കുന്നതും മറ്റും വൈകിയാണ് നടത്തുന്നത്. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി വനപാലകർ അനൗൺസെമെന്റും മറ്റും നടത്തുന്നുണ്ട്. രാത്രി കാലങ്ങളിൽ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടുവ കബനി പുഴ കടന്ന് കർണാടക വനത്തിൽ എത്തിയിട്ടുണ്ടോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.