മുക്കം: കേവല ഭൂരിപക്ഷമില്ലാതെ എൽ.ഡി.എഫ് ഭരിക്കുന്ന മുക്കം നഗരസഭയിൽ ഇന്നലെ നടന്ന സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ധനകാര്യ സമിതിയുടെ കാര്യത്തിൽ തീരുമാനമായില്ല. നാമനിർദ്ദേശ പത്രിക സമർപിക്കാൻ ആരും തയ്യാറാവാത്തതാണ് ധനകാര്യം ഒഴിച്ചിടേണ്ടി വന്നത്. മറ്റ് അഞ്ച് സ്ഥിരം സമിതികളിലേക്ക് വനിത പ്രതിനിധികളെ തിരഞ്ഞെടുത്തു. വികസന കാര്യ സമിതിയിൽ എ. കല്യാണികുട്ടി, വിദ്യാഭ്യാസ സമിതിയിൽ അശ്വനി സനൂജ്, ക്ഷേമകാര്യ സമിതിയിൽ സി. വസന്തകുമാരി, പൊതുമരാമത്ത് സമിതിയിൽ എം.വി.രജനി, ആരോഗ്യ സമിതിയിൽ പ്രജിത പ്രദീപ് എന്നിവരാണ് അംഗങ്ങളായത്. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം എൽ.ഡി.എഫ് പ്രതിനിധികളാണ്.വെൽഫെയർ പാർട്ടി അംഗങ്ങൾ യു.ഡി.എഫിന് വോട്ടു ചെയ്തപ്പോൾ ബി.ജെ.പി അംഗങ്ങൾ ചെയർമാൻ തിരഞ്ഞെടുപ്പിലെന്ന പോലെ വിട്ടു നിന്നു. ധനകാര്യ സ്ഥിരം സമിതിയിലേക്ക് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടത്തുമെന്ന് വരണാധികാരി അറിയിച്ചു.