google-map-

മുക്കം: തൃശൂരിലെ പാവറട്ടി വെങ്കിടങ്ങിൽ നിന്ന് കാണാതായ വെണ്ണയങ്കോട് സുനിൽകുമാറിന്റെ മകൻ അനന്തകൃഷ്ണനെ (13) കോഴിക്കോട്ട് തിരുവമ്പാടിയിൽ കണ്ടെത്തി. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ തേടി ഗൂഗിൾ മാപ്പ് നൽകിയ ദിശയിലൂടെ നീങ്ങി വഴിതെറ്റി എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട്ട് നിന്ന് ഓട്ടോ വിളിച്ച് ഞായറാഴ്ച രാത്രി പതിനൊന്നരയോടെ തിരുവമ്പാടിയിൽ വന്നിറങ്ങിയ ബാലനെ കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവർ തിരുവമ്പാടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനിടെ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു ഒരു കുട്ടിയെ കാണാതായിട്ടുണ്ടെന്ന വിവരം ലഭിച്ചു. വൈകാതെ ഈ കുട്ടി തന്നെയാണതെന്ന് ഉറപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയോടെ തന്നെ മാതാപിതാക്കൾ തിരുവമ്പാടിയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.