കോഴിക്കോട് : ജനകീയ വിഷയങ്ങളും കാർഷിക നിയമവും ചർച്ച ചെയ്ത് കോഴിക്കോട് കോർപ്പറേഷന്റെ ആദ്യ കൗൺസിൽ യോഗം. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷയായി. ചെറുണ്ണൂർ കുണ്ടായിത്തോടിലെ തീപ്പിടിത്തം, മിഠായിത്തെരുവിലെ ഗതാഗത നിരോധനം, തെരുവ് നായശല്ല്യം, തെരുവ് വിളക്ക് സ്ഥാപിക്കുന്നത്, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിഷേധം, കുടിവെള്ള പ്രശ്നം, മുണ്ടകൻതോടിന്റെ ശോചനീയാവസ്ഥ, അമൃത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രവൃത്തികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

ക‌ർഷക നിയമം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. സി.പി.എമ്മിലെ എം.പി. സുരേഷ് അവതരിപ്പിച്ച പ്രമേയം ഏഴിനെതിരെ 63 വോട്ടുകൾക്ക് പാസാക്കി. എൽ.ഡി.എഫും യു.ഡി.എഫും പ്രമേയത്തെ പിന്തുണച്ചപ്പോൾ ബി.ജെ.പി എതിർത്തു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്,എസ്. ജയശ്രീ, കെ.സി. ശോഭിത, കെ. മൊയ്തീൻകോയ, സി.എം. ജംഷീർ, എൻ.സി. മോയിൻകുട്ടി, പി.കെ.നാസർ, എം.എൻ. പ്രവീൺ, വി.കെ. മോഹൻദാസ്,

അൽഫോൺസ മാത്യു, എസ്.കെ. അബൂബക്കർ എന്നിവർ അനുകൂലിച്ചും നവ്യ ഹരിദാസ്, ടി. റനീഷ് എന്നിവർ പ്രമേയത്തെ എതിർത്തും സംസാരിച്ചു.

വെസ്റ്റ്ഹിൽ മിലിട്ടറി ബരാക്സിന്റെ 500 മീറ്റർ ചുറ്റളവിൽ കെട്ടിടം നിർമിക്കുന്നതിന് അനുവാദം വാങ്ങണമെന്ന മിലിട്ടറി അധികാരികളുടെ നിബന്ധന പുനപരിശോധിക്കണമെന്നാവശ്യപ്പട്ട് സി.പി. സുലൈമാൻ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചു. അമൃത് പദ്ധതിയിൽ നടപ്പാക്കുന്ന കോതി,ആവിക്കൽ തോട് സീവറേജ് പ്ലാന്റുകൾക്ക് സി.ആർ.സെഡ് അനുമതി തേടുന്നതിന് ഇ.ഐ.എ റിപ്പോർട്ട് തയ്യാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. കൺസൽട്ടൻസി ഏജൻസിയാണ് ഇക്കാര്യം ചെയ്യേണ്ടതെന്ന് ആക്ഷേപമുയർന്നു. എലത്തൂർ ഭാഗത്ത് കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എടവഴിപ്പീടികയിൽ സഫീന ശ്രദ്ധക്ഷണിച്ചു. മുണ്ടകൻ തോട് ശുചീകരണം നടപ്പാക്കണമെന്ന് ശുചീകണം നടപ്പാക്കണമെന്ന് കെ. കൃഷ്ണകുമാരി ശ്രദ്ധ ക്ഷണിച്ചു. പി.സി. രാജൻ, എം.സി. അനിൽകുമാർ‌, കെ. നിർമ്മല, സി.എസ്. സത്യഭാമ തുടങ്ങിയവർ പ്രസംഗിച്ചു.

 തെരുവ് നായ ശല്യം ആദ്യ ശ്രദ്ധ ക്ഷണിക്കൽ

നഗരത്തിലെ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എം.ബിജുലാൽ ആശ്യപ്പെട്ടു. കെ. മൊയ്തീൻകോയയും ഇതേ ആവശ്യം ഉന്നയിച്ചു. ഈ വിഷയത്തിൽ നഗരസഭ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ പറഞ്ഞു.

 ചെറുവണ്ണൂർ കുണ്ടായിത്തോട് തീപിത്തം ; മാലിന്യം ഉടൻ നീക്കും

കുണ്ടായത്തോടിലെ അനധികൃതമായി മാലിന്യം സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ തീ പിടിത്തത്തെ തുർന്ന് ശക്തമായ നടപടികൾ സ്വീകരിച്ചതായും ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മേയർ.

 തെരുവ് വിളക്ക് എൽ.ഇ.ഡിയാക്കൽ ഫ്ലാഗ് ഷിപ്പ് പദ്ധതി

തെരുവ് വിളക്ക് എൽ.ഇ.ഡിയാക്കുന്ന പദ്ധതി കോർപ്പറേഷന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയാണെന്നും ഇത് എത്രയും പെട്ടന്ന് പൂർത്തിയാക്കുന്നതിനായി കെ.എസ്.ഇ.ബി. കിയോണിക്സ് എന്നിവരുമായി ചർച്ച നടത്തിയതായും സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു. 39600 എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കാനായിരുന്നു കരാർ ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് 56431 ആയി ഉയർത്തിയതായും സെക്രട്ടറി പറഞ്ഞു. പ്രവൃത്തി പൂർത്തിയാക്കി ഒരുമാസം ട്രയൽ നടത്തിയ ശേഷം മാത്രമേ കരാറുകാർക്ക് തുക നൽകുകയുള്ളൂവെന്ന തരത്തിലാണ് കരാറെന്ന് അദ്ദേഹം വ്യക്തമാക്കി.