കോഴിക്കോട് : വാഹന ഗതാഗത നിരോധനത്തിനു പിറകെ കൊവിഡ് വരുത്തിവെച്ച ആഘാതം കൂടിയായതോടെ ആകെ തളർന്നുപോയ മിഠായിത്തെരുവിനെ വീണ്ടും പഴയ പ്രതാപത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ട് കോർപ്പറേഷൻ. ഇനിയും വൈകാതെ ഗതാഗതം പുന:സ്ഥാപിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കാൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി.
തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഇതുവഴി വാഹന ഗതാഗതം അനുവദിക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. നവീകരണത്തിന് മുമ്പും തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ മിഠായിത്തെരുവിലേക്ക് കടത്തിവിട്ടിരുന്നില്ല.
വാഹന നിയന്ത്രണത്തിൽ ഇളവ് വേണമെന്ന വ്യാപാരികളുടെ ആവശ്യം സജീവമായി പരിഗണിക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിവരുമായും ടൂറിസം വകുപ്പ് പ്രതിനിധികളുമായും ചർച്ച ചെയ്യും.
കോർപ്പറേഷന് മാത്രം തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇതെന്ന് മേയർ ചൂണ്ടിക്കാട്ടി. ടൂറിസം വകുപ്പാണ് നവീകരണം നടപ്പാക്കിയത്. വാഹന നിരോധനം മാത്രമല്ല കച്ചവടം കുറയാൻ കാരണമെന്നും അവർ പറഞ്ഞു.
മിഠായിത്തെരുവിലെ വ്യാപാരികളുടെ ആവശ്യം പരിഗണിക്കണെന്ന് സി.പി.എമ്മിലെ വരുൺ ഭാസ്‌കറാണ് ശ്രദ്ധ ക്ഷണിച്ചത്. കോൺഗ്രസിലെ എസ്.കെ. അബൂബക്കറും ഈ ആവശ്യം ഉന്നയിച്ചു.
ഏതാണ്ട് 1500 വ്യാപാരികളുണ്ടായിരുന്നു മിഠായിത്തെരുവിൽ. ആളുകളെത്താതെ പലരും കച്ചവടം അവസാനിപ്പിക്കാൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് വരുൺ ഭാസ്കർ പറഞ്ഞു. ആവശ്യമായ ക്രമീകരണം ഉറപ്പാക്കി വാഹന ഗതാഗതത്തിന് സാഹചര്യമൊരുക്കണം. ഇതിന്റെ ഭാഗമായി വ്യാപാരികളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിഠായിത്തെരുവിലെ കച്ചവടം 40 ശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ടെന്ന് എസ്.കെ. അബൂബക്കർ ചൂണ്ടിക്കാട്ടി. നവീകരണത്തിന്റെ ശോഭ കെടുത്താതെ വാഹന ഗതാഗതം നിയന്ത്രണവിധേയമായി അനുവദിക്കാമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.
''കോർപ്പറേഷന്റെ ആദ്യയോഗത്തിൽ തന്നെ ഞങ്ങളുടെ ആവശ്യം ചർച്ചയ്ക്കെടുത്തതിൽ ഏറെ സന്തോഷവുണ്ട്. വ്യാപാരികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ ഭരണസമിതിയുടെ തിരുമാനം. മൂന്നു വർഷത്തോളമായി വലിയ പ്രതിസന്ധിയിലൂടെ കടന്നുനീങ്ങുകയാണ്. നല്ല തീരുമാനങ്ങളുണ്ടാവട്ടെ.
രൂപേഷ് കോളിയോട്ട്
ആര്യഭവൻ