കർക്കശ നിയന്ത്രണം
സെക്കൻഡ് ഷോ ഇല്ല
കോഴിക്കോട്: പത്ത് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ തീയേറ്ററുകൾ വീണ്ടും ഉണരുകയായി. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ താഴ് വീണതായിരുന്നു സിനിമാശാലകൾക്ക്.
തീയേറ്ററുകൾ തുറക്കുന്നതിന് തകൃതിയായ ഒരുക്കമായിരുന്നു ഇന്നലെ. തിങ്കളാഴ്ച തന്നെ ശുചീകരണം നടത്തിയിരുന്നു. ഇന്നലെ അണുനശീകരണം പൂർത്തിയാക്കി. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സിനിമാ പ്രദർശനം.
ഒരു ദിവസം മൂന്ന് പ്രദർശനങ്ങളാണ് ഉണ്ടാവുക. ആദ്യപ്രദർശനം രാവിലെ പത്തിന് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കും വൈകുന്നേരം 5.45നുമായിരിക്കും അടുത്ത രണ്ട് പ്രദർശനങ്ങൾ. രാത്രിയിലെ സെക്കൻഡ് ഷോ ഉണ്ടാവില്ല.
ഓൺ ലൈൻ മുഖേനയുള്ള ടിക്കറ്റ് വില്പന കഴിഞ്ഞ് കൗണ്ടർ തുറക്കേണ്ടി വരികയാണെങ്കിൽ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്യൂവിൽ ഒരു മീറ്റർ അകലത്തിൽ നിൽക്കാൻ അടയാളമിട്ടു കഴിഞ്ഞ എല്ലായിടത്തും. യാതൊരു കാരണവശാലും തീയേറ്റർ കോമ്പൗണ്ടിൽ ആൾക്കൂട്ടം അനുവദിക്കില്ല.
തീയേറ്റർ ഗേറ്റിൽ വച്ച് തന്നെ താപനില പരിശോധിച്ച ശേഷം മാത്രമെ ആളുകളെ അകത്തേക്ക് കടത്തി വിടുകയുള്ളു. തുടർന്ന് ഓട്ടോമാറ്റിക് സാനിറ്റേഷൻ സംവിധാനത്തിലൂടെ കൈ അണുവിമുക്തമാക്കിയതിന് ശേഷമായിരിക്കും കൗണ്ടറുകൾക്ക് മുന്നിലേക്കോ നേരെ തീയേറ്ററിനകത്തേക്കോ നീങ്ങാൻ അനുവദിക്കൂ.
തീയേറ്ററിനകത്തും കർശനമായ നിയന്ത്രണങ്ങളുണ്ടാവും. ഒന്നിടവിട്ടുള്ള സീറ്റുകളിൽ മാത്രമെ ഇരിക്കാൻ പാടുള്ളു. പഴയ പോലെ അടുത്തടുത്തായി ഇരിക്കാൻ വിടില്ല.
'പരമാവധി ഓൺലൈൻ ടിക്കറ്റ് രീതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ടിക്കറ്റ് ബാക്കിയുണ്ടെങ്കിൽ മാത്രമെ കൗണ്ടർ വഴി വില്പന നടത്തുകയുള്ളു."
രാജേഷ്,
രാധ തീയേറ്റർ
മാനേജ്മെന്റ് പ്രതിനിധി