വീട്ടമ്മയ്ക്ക് നേരെ ആക്രമണം
സുൽത്താൻ ബത്തേരി: കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ വന്യമൃഗം കൊന്നു. ആടിന്റെ കരച്ചിൽ കേട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വീട്ടമ്മയെ വന്യജീവിയുടെ ആക്രമിച്ചു. കടുവയാണെന്നാണ് സംശയം.

വടക്കനാട് പണയമ്പത്ത് ചടച്ചിപ്പുര കുഞ്ഞുലക്ഷ്മിയാണ് വന്യ മൃഗത്തിന്റെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
പുലർച്ചെ ആട്ടിൻ കൂട്ടിൽ നിന്ന് ആടിന്റെ കരച്ചിലും മൃഗത്തിന്റെ മുരൾച്ചയും കേട്ടാണ് കുഞ്ഞുലക്ഷ്മി പുറത്തിറങ്ങിയത്. മുറ്റത്തോട് ചേർന്നുള്ള ആട്ടിൻകൂട്ടിൽ നിന്ന് ഈ സമയത്ത് ഇവരുടെ നേരെ ഒരു മൃഗം പാഞ്ഞടുക്കുകയയിരുന്നു. ഓടി അകത്ത് കയറി വാതിലടച്ചതിനാൽ മൃഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു. ആടിനെ കൊന്നതും തന്റെ നേരെ പാഞ്ഞടുത്തതും കടുവയാണെന്ന് വീട്ടമ്മ പറഞ്ഞു.
ആടിനെ വളർത്തി ജീവിക്കുന്ന കുഞ്ഞുലക്ഷ്മിയും രോഗബാധിതനായ ഭർത്താവ് നാരായണനും മാത്രമാണ് ഇവിടെ താമസിക്കുന്നത്.

ആട് കൊല്ലപ്പെട്ടതോടെ പ്രദേശം ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇവിടെ ഒരാളെ കടുവ പിടികൂടി ഭക്ഷിക്കുകയും ഒരു വനം വകുപ്പ് വാച്ചറെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കർഷകരുടെ നിരവധി വളർത്തു മൃഗങ്ങളെയാണ് ഇവിടെ നിന്ന് കടുവ പിടികൂടിയത്.

ഫോട്ടോ--പണയമ്പത്ത്
വന്യമൃഗം കൊന്ന ആട്