സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഐ.സി.യു ആംബുലൻസ് എത്തി നാല് മാസമായിട്ടും ഇതുവരെ പ്രവർത്തനം തുടങ്ങിയില്ല. ഏറെക്കാലത്തെ ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൊബൈൽ ഐ.സി.യു വിനായി വാഹനമെത്തിച്ചത്. ഇതാണ് കഴിഞ്ഞ നാല് മാസമായി അനുബന്ധ സംവിധാനങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് അനക്കമില്ലാതെ കിടക്കുന്നത്.
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. ഭരണാനുമതി ലഭിച്ച് ആംബുലൻസ് വാഹനവും എത്തിച്ചു. എന്നാൽ നാല് മാസം പിന്നിട്ടിട്ടും ഇതുവരെ അനുബന്ധ സംവിധാനങ്ങൾ ഒരുക്കാത്തതിനാലാണ് മൊബൈൽ ഐ.സി.യു വെറുതെ കിടക്കുന്നത്.
ധനകാര്യ വകുപ്പിൽ നിന്ന് ഫണ്ട് പാസായി വരാത്തതാണ് ഐ.സി.യുവിന്റെ പ്രവർത്തനം ആരംഭിക്കാത്തതിന്റെ കാരണമെന്ന് പറയുന്നു. അതിനാൽ വാഹനത്തിന്റെ തുക കമ്പനിക്ക് നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.
വാഹനം വാങ്ങുന്നതിനും മൊബൈൽ ഐ.സി.യുവിലേക്കുള്ള മറ്റ് ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് 50 ലക്ഷം രൂപയാണ് വകയിരുത്തിയത്.
സർക്കാർ തലത്തിൽ മൊബൈൽ ഐ.സി.യു സംവിധാനമില്ലാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ആവശ്യമുള്ള സമയത്ത് മൊബൈൽ ഐ.സി.യു ലഭിക്കാത്തതിനെ തുടർന്ന് മരണവും ഇവിടെ ഉണ്ടായിട്ടുണ്ട്. സാങ്കേതിക തടസങ്ങൾ നീക്കി ആംബുലൻസ് ഉടൻ പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ഫോട്ടോ--ഐസിയു
നാല് മാസമായി ചലനമറ്റ് കിടക്കുന്ന മൊബൈൽ ഐ.സി.യുവിന് വേണ്ടി കൊണ്ടുവന്ന വാഹനം