പുൽപ്പള്ളി: കബനി തീരപ്രദേശങ്ങളായ സീതാമൗണ്ട്, കൊളവള്ളി പ്രദേശങ്ങളിൽ ഭീതി പരത്തിയ കടുവയെ വനപാലകർ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. മയക്കുവെടിയേറ്റ കടുവ കന്നാരം പുഴ കടന്ന് കർണാടക വനത്തിലേക്ക് രക്ഷപ്പെട്ടു.

വെടിയേറ്റ കടുവയെ നിരീക്ഷിക്കുന്നതിനിടെ വനംവകുപ്പ് വാച്ചറെ കടുവ ആക്രമിച്ചു. പരിക്കേറ്റ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജിജേഷി(35)നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ചെതലയത്ത് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ടി.ശശികുമാറിനെയും കടുവ ആക്രമിച്ചിരുന്നു. ഇദ്ദേഹവും ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സീതാമൗണ്ടിനടുത്ത പാറക്കവലയിലെ ആളൊഴിഞ്ഞ വീടിനടുത്ത് കടുവയെ കണ്ടത്. തുടർന്ന് വനപാലകർ ഇതിനെ നിരീക്ഷിച്ചുവരവെ കടുവ മറ്റൊരു തോട്ടത്തിലേക്ക് കയറിപോയി. പിന്നീട് ഡ്രോണും മററും ഉപയോഗപ്പെടുത്തി തെരച്ചിൽ നടത്തി. ആകാശ നിരീക്ഷണത്തിലൂടെ കടുവയെ വീണ്ടും കണ്ടെത്തി.

മൂന്ന് മണിയോടെയാണ് കടുവയ്ക്ക് ആദ്യ മയക്കുവെടി നൽകിയത്. വെടിയേറ്റ കടുവ ഓടുന്നതിനിടെ പിൻതുടർന്ന വാച്ചറെ ആക്രമിക്കുകയായിരുന്നു. വിജേഷിന്റെ കൈമുട്ടിനാണ്കാര്യമായി പരിക്കേറ്റത്.

കടുവ തിരിച്ചുവരില്ലെന്ന് പ്രതീക്ഷ

പുൽപ്പള്ളി: കൊളവള്ളി പ്രദേശത്ത് ഭീതി പരത്തിയ കടുവയെ കണ്ടെത്താനായി ചൊവ്വാഴ്ച രാവിലെ മുതൽ വനപാലകർ ചെറുടീമുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി മൈക്ക് അനൗൺസ്‌മെന്റും മററും നടത്തി. ആളുകളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകി.

രാവിലെ സീതാമൗണ്ട് വള്ളിക്കാട്ടുപറമ്പിൽ ജോസിന്റെയടക്കം വീട്ടുപരിസരങ്ങളിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു പിന്നീട് തെരച്ചിൽ.

മയക്കുവെടി കൊണ്ട കടുവ കർണാടക വനത്തിലേക്ക് രക്ഷപെട്ടതോടെ നാട്ടുകാർക്ക് താത്കാലിക ആശ്വാസമായി. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തെ ആളുകളെ ആകെ ഭയപ്പെടുത്തിയ കടുവ ഇനി തിരിച്ചുവരില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കടുവയ്ക്ക് മയക്കുവെടിയേറ്റെന്ന വിവരം അറിഞ്ഞതോടെ ആളുകൾ പ്രദേശത്ത് തടിച്ചുകൂടി. ജാഗ്രതാ നിർദ്ദേശം ലംഘിക്കരുതെന്നും സ്ഥലത്തുനിന്ന് പിന്മാറണമെന്ന് പൊലീസും വനപാലകരും ആളുകളോട് ആവശ്യപ്പെട്ടു.

മയക്കുവെടിയേറ്റ കടുവയെ കൊണ്ടുപോകുന്നത് കാണാനായിരുന്നു ആളുകൾ തടിച്ചുകൂടിയത്. പിന്നീടാണ് വെടിയേറ്റ കടുവ കർണാടക വനത്തിലേക്ക് കയറിപോയി എന്ന് അറിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ സ്ഥലത്ത് എത്തിയിരുന്നു.

കടുവയെ ആദ്യം കണ്ടെത്തിയ സ്ഥലത്തുനിന്ന് അര കിലോമീററർ അകലെയാണ് കർണാടക വനം. കടുവ വീണ്ടും നാട്ടിലേക്കിറങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
കാട് കയറിയ കടുവ നാട്ടിലേക്ക് എത്താതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

കടുവയ്ക്ക് ചെറിയ പരിക്കുള്ളതായി വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബു പറഞ്ഞു. രാത്രി കാലങ്ങളിൽ പട്രോളിംഗ് നടത്തും. നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. പുഴയോരത്തെ കാട് വെട്ടിനീക്കും. ആളുകളുടെ ഭീതിയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.