img30210112

തിരുവമ്പാടി: ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനമികവിനുള്ള വനം വകുപ്പിന്റെ "വനമിത്ര" അവാർഡിന് തിരുവമ്പാടിയിലെ സാംസ്കാരിക സംഘടനയായ ആവാസ് അർഹമായി. വനം - പരിസ്ഥിതി ജൈവ വൈവിധ്യ മേഖലകളിൽ ഓരോ ജില്ലയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന അവാർഡാണിത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ജില്ലയിൽ മികച്ച പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സന്നദ്ധസംഘടന എന്ന നിലയിലാണ് ആവാസ് അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടത്. എട്ടു വർഷമായി മലയോരമേഖലയിൽ വനവത്കരണ - പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയാണ് ആവാസ്. ഇരുവഞ്ഞി നദീതീര സംരക്ഷണത്തിന് മുളതൈകൾ നട്ടു പിടിപ്പിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ വനവത്കരണത്തിന്റെ ഭാഗമായി തിരുവമ്പാടി പൊലീസ് സ്റ്റേഷൻ, സർക്കാർ മൃഗാശുപത്രി, ഗവ.ഹോമിയോ ഡിസ്പൻസറി വളപ്പുകളിൽ ഫല വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്നുണ്ട്.

വനം വകുപ്പുമായി സഹകരിച്ച് വർഷം തോറും പൊതുജനങ്ങൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യാറുമുണ്ട്. ഇപ്പോൾ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് ഔഷധ സസ്യങ്ങൾ വച്ചു പിടിപ്പിക്കുകയാണ്.

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിൽ തീറ്റയും വെള്ളവും കിട്ടാതെ വിഷമിച്ച കാക്കകളടക്കമുള്ള പക്ഷികൾക്കും തെരുവുനായകൾക്കും പൂച്ചകൾക്കും ഭക്ഷണവും വെള്ളവും നൽകി സംരക്ഷിക്കാനും ആവാസ് ശ്രദ്ധിച്ചിരുന്നു.

പ്രകൃതിയിലെ പച്ചപ്പ് നിലനിറുത്താനുള്ള പ്രവർത്തനത്തിന് പ്രചോദനമേകുന്ന അംഗീകാരമാണ് ആവാസിന് ലഭിച്ചതെന്നും അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്നും ചെയർപേഴ്സൺ ശിൽപ സുന്ദർ, സെക്രട്ടറി ജിഷി പട്ടയിൽ എന്നിവർ പറഞ്ഞു.