rpf

കോഴിക്കോട്: റെയിൽവേ ട്രാക്കിൽ 60 മീറ്ററോളം ദൂരത്തിൽ കരിങ്കൽകഷ്ണങ്ങൾ നിരത്തിയ സംഭവത്തിൽ റെയിൽവേ സംരക്ഷണ സേനയും നല്ലളം പൊലീസും അന്വേഷണം തുടങ്ങി. ട്രെയിൻ അട്ടമറിക്കാൻ ആരെങ്കിലും ബോധപൂർവം ശ്രമിച്ചോ അതല്ല സാമൂഹ്യദ്രോഹികളുടെ വില്ലത്തരമാണോ എന്നു തിരിച്ചറിയാനായിട്ടില്ല. പ്രാഥമികാന്വേഷണത്തിനു ശേഷം അട്ടിമറി സംശയിക്കുന്നെങ്കിൽ പാലക്കാട് ഡിവിഷൻ ആസ്ഥാനത്തു നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സംഘമെത്തും. നേരത്തെ ഈ ഭാഗത്തെ റെയിൽവേ ട്രാക്ക് മുറിച്ച സംഭവമുണ്ടായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12.40ന് കല്ലായി പാലം കഴിഞ്ഞ് കുണ്ടായിത്തോട് വച്ചാണ് മംഗലാപുരം - നാഗർകോവിൽ ഏറനാട് സ്പെഷൽ ട്രെയിനിൽ അസാധാരണമായ കുലുക്കം ലോക്കോ പൈലറ്റിന് അനുഭവപ്പെട്ടത്. അദ്ദേഹം താഴോട്ട് നോക്കിയപ്പോൾ കരിങ്കൽ കഷ്ണങ്ങൾ പൊടിഞ്ഞമരുന്നതാണ് കണ്ടത്. ഉടൻ തന്നെ പാലക്കാട് ഡിവിഷനിലെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തുടർന്ന് ഇതുവഴിയുള്ള മുഴുവൻ ട്രെയിൻ സർവിസുകളും ഉടൻ നിറുത്തിവയ്ക്കാൻ നിർദ്ദേശം വന്നു.

ട്രാക്കിന്റെ ചുമതലയുള്ള കോഴിക്കോട് സീനിയർ സെക്‌ഷൻ എൻജിനിയർ സ്ഥലത്തെത്തി പാളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷം 1.35 നാണ് സർവീസ് പുന:രാരംഭിച്ചത്. അതിനിടയ്ക്ക് തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനിന് 20 മിനുട്ട് ഫറോക്ക് സ്റ്റേഷനിൽ നിറുത്തിയിടേണ്ടി വന്നു.