medical-college

കൽപ്പറ്റ: കൽപറ്റ ചന്ദ്ര പ്രഭാ ട്രസ്റ്റ് ദാനമായി നൽകിയ മടക്കിമലയിലെ 50 ഏക്കർ ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2015 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിടുകയും പിന്നീട് 2016ൽ നിർമ്മാണം ആരംഭിക്കുകയും ചെയ്ത ഭൂമിയാണിത്. നിർമ്മാണ ചെലവ് 320 ലക്ഷം രൂപ 2018 ജൂണിൽ കൈമാറി കൂടാതെ 2018ലെ ബഡ്ജറ്റിൽ 648 കോടി രൂപ മെഡിക്കൽ കോളേജിനായി വകയിരുത്തി.

2019ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുണ്ട് എന്ന കാരണം പറഞ്ഞ് തീരുമാനം മാറ്റുകയും വേറെ സ്ഥലത്തിനായി അപേക്ഷ ക്ഷണിക്കുകയും ചെയ്തു. പിന്നീട് ചേലോട് എസ്റ്റേറ്റ് ഭൂമിയിൽ 50 ഏക്കർ സ്ഥലം ഏറ്റെടുത്തു. എസ്റ്റേറ്റ് ഉടമകൾ സർക്കാർ നിശ്ചയിച്ച തുക പോരെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചു. അതോടെ വിംസ് മെഡിക്കൽ കോളേജ് വിലയ്ക്കു വാങ്ങുകയാണന്ന് എം.എൽ.എ പറഞ്ഞു. 250 കോടി രൂപ ചാരിറ്റിയായി സർക്കാറിന് നൽകുമെന്ന് ഡോക്ടർ ആസാദ് മൂപ്പനും പറഞ്ഞു. ഇപ്പോൾ വിംസ് ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ച സ്ഥിതിക്ക് സൗജന്യമായി ലഭിച്ച മടക്കിമല ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പുനരാരംഭിക്കണം. അടുത്ത അദ്ധ്യയന വർഷം ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് ആരംഭിച്ച് മടക്കിമലയിലെ നിർമ്മാണ പ്രവർത്തനം അവസാനിക്കുന്നതുവരെ മാനന്തവാടിയിലെ അസാപിന്റെ കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ഈ തീരുമാനം ഉടനടി നടപ്പിലാക്കിയില്ലെങ്കിൽ ആക്‌ഷൻ കമ്മിറ്റി ബഹുജന പ്രക്ഷോഭം ആരംഭിക്കും. ആക്‌ഷൻ കമ്മിറ്റിയുടെ വിപുലമായ യോഗം വെളളിയാഴ്ച 3 മണിക്ക് പത്മപ്രഭ ലൈബ്രറി ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ചെയർമാൻ സൂപ്പി പള്ളിയാൽ, രക്ഷാധികാരി മോയിൻ കടവൻ, വൈസ് ചെയർമാൻ അഡ്വ: എം.സി.എ. ജമാൽ, ഗഫൂർ വെണ്ണിയോട് എന്നിവർ പങ്കെടുത്തു.