covishield

കോഴിക്കോട്: ആദ്യഘട്ട വിതരണത്തിനുള്ള കൊവിഡ് പ്രതിരോധ വാക്സിൻ ജില്ലയിൽ എത്തി. പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച വാക്സിൻ ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് മലാപ്പറമ്പിലെ റീജ്യണൽ വാക്‌സിൻ സ്റ്റോറിലെത്തിച്ചത്. വിമാന മാ‌ർഗം രാവിലെ പത്തേമുക്കാലോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച വാക്സിൻ പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് കോഴിക്കോട്ടെത്തിച്ചത്. ആർ.സി.എച്ച് ഓഫീസർ ഡോ.മോഹൻദാസ് വാക്സിൻ ഏറ്റുവാങ്ങി. പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളിൽ 1,19,500 ഡോസ് വാക്സിനാണ് ജില്ലയിൽ എത്തിച്ചിട്ടുള്ളത്. ഓരോ ബോക്‌സിലും 12,000 ഡോസ് വാക്സിനാണുള്ളത്. ജനുവരി 16ന് ജില്ലയിലെ 11 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം തുടങ്ങും. സ്വകാര്യ ആശുപത്രികളിൽ നിന്നടക്കം 33,799 പേരാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആർ.സി.എച്ച് ഓഫീസർ ഡോ.മോഹൻദാസിനാണ് ജില്ലയിലെ ഏകോപന ചുമതല. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ നടത്തിയ ഡ്രൈ റൺ വിജയമായിരുന്നു. 100 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ രണ്ടും മൂന്നും ഘട്ടങ്ങളിലായി വാക്സിൻ എത്തിക്കും. ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരടങ്ങിയ സമിതി ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഒരു കേന്ദ്രത്തിൽ 100 പേർ വീതം 11 കേന്ദ്രങ്ങളിലായി 1,100 പേർക്ക് ഒരു ദിവസം വാക്‌സിൻ നൽകും. ബ്ലോക്ക് തലത്തിൽ പ്രത്യേകമായി ഒരു കേന്ദ്രം കൂടി സജ്ജീകരിക്കും. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വാക്സിൻ വിതരണം ചെയ്യാനുളള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. ഒരു വാക്‌സിനേറ്റർ, നാല് വാക്‌സിനേഷൻ ഓഫീസർമാർ എന്നിവരടങ്ങിയതാണ് ഒരു വാക്‌സിനേഷൻ കേന്ദ്രം. വാക്‌സിനേഷന് ശേഷം എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിന് ആംബുലൻസ് അടക്കമുളള സംവിധാനം ഉണ്ടാകും. ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ വാക്‌സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തും. ഗർഭിണികൾക്കും കുട്ടികൾക്കും കൊവിഡ് പോസിറ്റീവ് ആയവർക്കും വാക്‌സിൻ നൽകില്ല. വാക്‌സിനേഷനായി കാത്തിരിക്കുന്ന കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഒരു സമയം ഒരാൾക്ക് മാത്രമാണ് വാക്സിനേഷൻ റൂമിൽ പ്രവേശനം. വാക്‌സിൻ എടുത്തശേഷം നിരീക്ഷണ മുറിയിൽ 30 മിനിറ്റ് ഇരിക്കണം. വാക്സിനേഷൻ മുറിിൽ സ്വകാര്യത ഉറപ്പുവരുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ജില്ലയിലെ വാക്സിൻ കേന്ദ്രങ്ങൾ

കോഴിക്കോട് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ഫറോക്ക് ഇ.എസ്.ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി താലൂക്ക് ആശുപത്രികൾ, പനങ്ങാട് എഫ്.എച്ച്.സി, നരിക്കുനി, മുക്കം സി.എച്ച്.സികൾ, ആസ്റ്റർ മിംസ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ വാക്സിൻ എത്തിക്കുക.