cinema
പ്രൊജക്ടർ തകരാറായതിനെ തുടർന്ന് കോഴിക്കോട് അപ്സര തിയറ്ററിൽ പ്രദർശനം മുടങ്ങിയതോടെ പ്രതിഷേധിക്കുന്നവരെ പിന്തിരിപ്പിക്കുന്ന പൊലീസ്

കോഴിക്കോട്: മാസ്റ്ററിന് കേരളമൊട്ടാകെ സ്വീകരണമൊരുക്കിയപ്പോൾ കോഴിക്കോട് അപ്‌സര, റീഗൽ തിയറ്ററുകളിൽ ഷോ മുടങ്ങി. പ്രൊജക്ടർ തകരാറിലായതാണ് പ്രദർശനം മുടങ്ങാൻ കാരണം. ഇതോടെ പ്രതിഷേധവുമായി ആരാധകർ ബഹളം വച്ചു.
കോഴിക്കോട് കൂടുതൽ സീറ്റുകളുള്ള തിയറ്ററുകളിൽ ഒന്നാണ് അപ്‌സര. ഫാൻ ഷോക്കായി രാവിലെ നീണ്ടനിര ഉണ്ടായിരുന്നു. പ്രൊജക്ടർ പ്രവർത്തിക്കുന്നില്ലെന്ന് കണ്ട് ടിക്കറ്റിന്റെ പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും ആരാധകർ പ്രതിഷേധം തുടർന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തിയറ്ററിനകത്തേക്ക് പ്രൊജക്ടർ പണിമുടക്കിയതോടെ മാനദണ്ഡങ്ങൾ കാറ്റിൽ പറന്നു. തിയറ്ററിന്റെ മുറ്റത്ത് നിന്ന് പ്രതിഷേധിച്ചവരെ പൊലീസും സംഘാടകരും ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. വിജയ് സിനിമയ്ക്ക് സാധാരണയുണ്ടാകാറുള്ള ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷെ, തങ്ങളുടെ പ്രിയ താരങ്ങളായ വിജയിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം കാണാൻ ചൊവ്വാഴ്ച തന്നെ ടിക്കറ്റുകൾ പൂർണമായും വിറ്റു തീർന്നിരുന്നു. ജില്ലയിൽ 13 തിയറ്ററിൽ ആയിരുന്നു പ്രദർശനം.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം സീറ്റിലാണ് പ്രവേശനം. ബാൽക്കണി ടിക്കറ്റുകൾ പൂർണമായും ഓൺലൈനിലും ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ നേരിട്ടുമാണ് വിൽപ്പന നടത്തിയത്. തെർമൽ സ്കാനർ, സാനിറ്റൈസർ എന്നിവ തിയറ്ററുകളിൽ സജ്ജമാക്കിയിരുന്നു. തിയറ്ററിനുള്ളിൽ ഭക്ഷ്യ വസ്തുക്കൾ അനുവദിച്ചില്ല. പ്രധാന പോയിന്റുകളിൽ ദിശാ സൂചനകളും വിവരങ്ങളും പ്രദർശിപ്പിച്ചിരുന്നു.

ദിവസം 3 ഷോ

മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ തിയറ്ററുകൾ തുറന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രവേശനം. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രദർശന സമയം. ദിവസം 3 ഷോ. കൊവിഡിന് ശേഷം ആദ്യമലയാള ചിത്രം പ്രദർശനത്തിനെത്തുന്നത് ജയസൂര്യയുടെ വെള്ളമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദർശനം.

 മാസങ്ങളായി യു. എഫ്. ഒയോട് പ്രൊജക്ടറിന്റെ അറ്റകുറ്റപ്പണികൾ ശരിയാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രദർശനത്തിന്റെ തലേന്നാണ് എത്തിയത്-
ഭാസ്‌കരൻ, അപ്‌സര തീയേറ്റർ മാനേജർ


സ്‌പെഷ്യൽ ഷോ ആയതിനാൽ ആരാധകർ വലിയ ആവേശത്തിലായിരുന്നു. ഇങ്ങനെ സംഭവിച്ചത് തിരിച്ചടിയായി-
ലെനിൻ ദാസ്, വിജയ് ഫാൻസ് ട്രസ്റ്റ് കോഴിക്കോട് ചെയർമാൻ

 ഒരുപാട് നാളായി കാത്തിരിക്കുന്നതായിരുന്നു. രാവിലെ എത്തിയതാണ്. നിരാശയായി- സിൻസർ, ആരാധകൻ