mullappally-

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ അടിതെറ്റിയ യു.ഡി.എഫ് നിയമസഭ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങുക ഇടതുകോട്ട തകർക്കാനുറച്ച്. 13 സീറ്റുകളുൾപ്പെടുന്ന ജില്ലയിൽ രണ്ടെണ്ണം മാത്രമുള്ള യു.ഡി.എഫ് ലോക്‌സഭ തിരഞ്ഞെടുപ്പ് മാതൃകയിൽ മുന്നേറാനാണ് ലക്ഷ്യമിടുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന സ്ഥാനാർത്ഥി പട്ടികയാണ് യു.ഡി.എഫിന്റെ പരിഗണനയിൽ.

എൽ.ജെ.ഡിയും കേരള കോൺഗ്രസ് എമ്മും മുന്നണി വിട്ടതോടെ ഒഴിവുവന്ന മൂന്ന് സീറ്റുകളിൽ പേരാമ്പ്ര മുസ്ലിം ലീഗിനും എലത്തൂർ കോൺഗ്രസിനും ലഭിച്ചേക്കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒപ്പം നിൽക്കുമ്പോഴും നിയമസഭ തിരഞ്ഞെടുപ്പിൽ വേറിട്ട് നിൽക്കുന്ന ആർ.എം.പിയെ ഒപ്പം കൂട്ടാനുള്ള ധാരണയുണ്ട്. കെ.കെ. രമ വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സിച്ചേക്കും.

കഴിഞ്ഞ തവണ കോൺഗ്രസും മുസ്ലിം ലീഗും അഞ്ച് സീറ്റുകളിലാണ് മത്സരിച്ചത്. ലീഗ് കുറ്റ്യാടിയും കോഴിക്കോട് സൗത്തും ജയിച്ചപ്പോൾ കോൺഗ്രസ് സംപൂജ്യരായി. മുല്ലപ്പള്ളി രാമചന്ദ്രന് പുറമെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, കെ.പി അനിൽകുമാർ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്, യൂത്ത് കോൺഗ്രസ് നേതാവ് വിദ്യ ബാലകൃഷ്ണൻ എന്നിവരെല്ലാം സീറ്റിനായി സജീവമായി രംഗത്തുണ്ട്. രണ്ട് പതിറ്റാണ്ടായി ജില്ലയിൽ കോൺഗ്രസിന് എം.എൽ.എമാരില്ല. അവസാനമായി വിജയിച്ചത് 2001ലാണ്.

രണ്ട് സീറ്റുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും പേരാമ്പ്ര ലഭിച്ചാൽ മുസ്ലിം ലീഗ് വഴങ്ങും. കേരള കോൺഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണ് പേരാമ്പ്ര. കോൺഗ്രസിന്റെ പരമ്പരാഗത തട്ടകമായിട്ടും രണ്ട് പതിറ്രാണ്ടായി നഷ്ടപ്പെടുന്ന കൊയിലാണ്ടിയിൽ മുല്ലപ്പള്ളിയെ ഇറക്കി വിജയം നേടാമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ.

സിറ്റിംഗ് സീറ്റായ കുറ്റ്യാടിയിൽ മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുള്ള വീണ്ടും ജനവിധി തേടും. കഴിഞ്ഞ തവണ സി.പി.എമ്മിൽ നിന്ന് പിടിച്ചെടുത്ത സീറ്റാണിത്. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ കോഴിക്കോട് സൗത്തിൽ നിന്ന് മാറിയേക്കും. കൊടുവള്ളിയിൽ മത്സരിക്കാനാണ് മുനീർ ലക്ഷ്യമിടുന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ മുന്നേറ്രം നൽകിയ മണ്ഡലമാണ് കൊടുവള്ളി. പ്രാദേശികമായ പ്രശ്നങ്ങൾ പരിഹരിച്ച് സീറ്റ് തിരിച്ചു പിടിക്കാൻ മുനീറിനാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ. കോഴിക്കോട് സൗത്തിൽ യൂത്ത് ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, നജീബ് കാന്തപുരം എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്.

നാദാപുരത്ത് കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസിലെ അഡ്വ. പ്രവീൺ കുമാർ വീണ്ടും ജനവിധി തേടും. കഴിഞ്ഞ തവണ വെച്ചുമാറിയ ബാലുശ്ശേരിയിൽ ലീഗിന് താത്പര്യമില്ല. ബാലുശേരി കോൺഗ്രസ് തിരിച്ചു നൽകി കുന്ദമംഗലം ഏറ്റെടുക്കാനാണ് ലീഗിന്റെ നീക്കം. എന്നാൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് മത്സരിച്ച സീറ്റ് നൽകി ജയസാദ്ധ്യതയില്ലാത്ത ബാലുശേരി ഏറ്റെടുക്കുന്നതിനോട് കോൺഗ്രസിന് എതിർപ്പുണ്ട്. ലീഗിന്റെ തിരുവമ്പാടിയിൽ കോൺഗ്രസിന് താത്പര്യം ഉണ്ട്. തിരുവമ്പാടിയെയും ബേപ്പൂരിനെയും ഉൾപ്പെടുത്തി മറ്റൊരു ഫോർമുലയാണ് കോൺഗ്രസ് സീറ്റ് ചർച്ചയിൽ മുന്നോട്ടുവെക്കുക. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തിരുവമ്പാടി ആവശ്യപ്പെടും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയ കോഴിക്കോട് നോർത്തിൽ വിദ്യാബാലകൃഷ്ണന് നറുക്ക് വീണേക്കും.