കൽപ്പറ്റ: വയനാട് ജില്ലാ സപ്ലൈ ഓഫീസറും ജീവനക്കാരനും ചേർന്ന് സാമൂഹികമാധ്യമത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചരാരണം നടത്തിയതുവഴി അപമാനമുണ്ടായെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും.

കമ്മീഷന്റെ നിർദ്ദേശ പ്രകാരം വയനാട് ജില്ലാ പൊലീസ് മേധാവിയും ജില്ലാ സപ്ലൈ ഓഫിസറും സമർപ്പിച്ച റിപ്പോർട്ടുകളിൽ സപ്ലൈ ഓഫീസ് ജീവനക്കാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികൂല പരാമർശം ഉള്ള സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താൻ കമ്മീഷൻ ഉത്തരവിട്ടത്. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി.

ലോക്ക്‌ഡൗണിന്റെ ഭാഗമായി സുൽത്താൻ ബത്തേരി നമ്പ്യാർകുന്ന് ആശ്രമത്തിൽ എത്തിയ ജില്ലാ സപ്ലൈ ഓഫീസറും ഡ്രൈവറും അവിടെ താമസിക്കുന്ന വയോധികനായ പുരോഹിതനെയും കത്തോലിക്കാ രൂപതാ ഭരണസംവിധാനത്തെയും അപമാനിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പും അതിന് ചുവടെ വന്ന കമന്റുകളുമാണ് പരാതിക്ക് അടിസ്ഥാനം. അപകീർത്തികരമായ പോസ്റ്റും കമന്റും പിൻവലിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും പോസ്റ്റിട്ട സപ്ലൈ ഓഫീസ് ജീവനക്കാരൻ അനുസരിച്ചില്ല. ജില്ലാ സപ്ലൈ ഓഫീസിലെ ഡ്രൈവറാണ് പോസ്റ്റിട്ടത്.

വയോധികനായ പുരോഹിതനെ ആശ്രമത്തിൽ സന്ദർശിച്ച ഉദ്യോഗസ്ഥർ മുഖാവരണവും ഗ്ലൗസും ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും തൊട്ടടുത്തിരുന്ന് ചിത്രങ്ങൾ എടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതായും പരാതിയുണ്ട്. സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും ബത്തേരി കത്തോലിക്കാ രൂപതാ ചാൻസിലർ സമർപ്പിച്ച പരാതിയിൽ പറയുന്നു.