grampoo
മുത്ത് പാകമായ ഗ്രാമ്പുചെടി

കുറ്റ്യാടി: കൊവിഡ് കാലം ഏൽപ്പിച്ച ആഘാതത്തിന് പുറമെ കാലം തെറ്റി എത്തിയ മഴ ഗ്രാമ്പൂ കർഷകരെ കണ്ണീരിലാഴ്ത്തുന്നു. ഏഷ്യയിൽ ഏറ്റവും കൂടുതൽ ഗ്രാമ്പു ഉൽപാദിപിക്കുന്ന പ്രദേശങ്ങളായ വയനാടൻ മലഞ്ചെരിവിലെ കാവിലുംപാറ പൊയിലോംചാൽ, കരിങ്ങാട്, മുറ്റത്ത് പ്ലാവ്, വട്ടിപ്പന, പി.ടി ചാക്കോ നഗർ ,പൂതംമ്പാറ, കുരുടൻ കടവ് മേഖലകളിലെ കർഷകരാണ് വിലക്കുറവും മഴയും മൂലം പ്രതിസന്ധിയിലായത്. മേഖലയിലെ ഏകദേശം അഞ്ഞൂറോളം കൃഷിക്കാരുടെ ഏക ഉപജീവന മാർഗമാണിത്.

നാനൂറ്റി എൻപത്, അഞ്ഞൂറ് രൂപയാണ് ഒരു കിലോ ഗ്രാമ്പു വിറ്റാൽ കർഷകന് ഇപ്പോൾ ലഭിക്കുന്നത് . ഉത്പാദന ചെലവ് അഞ്ഞൂറ് അറുന്നൂറ് രൂപയെങ്കിലും വരും. കൂലിക്ക് പുറമെ വളമിടൽ കുമിൾ നാശിനി പ്രയോഗം തുടങ്ങിയവ കൂടിയാകുമ്പോൾ ചുരുങ്ങിയത് എണ്ണൂറു രൂപയെങ്കിലും കർഷകന് ചെലവാകുന്നുണ്ട്. തൊഴിലാളികൾക്ക് കൂലി അടക്കം നൽകിയാൽ മിച്ചം ഒന്നുമില്ലെന്നു കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ കിലോയ്ക്ക് ആയിരം രൂപയെങ്കിലും കിട്ടാതെ മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ.

ഇതിന് പുറമെ കാലാവസ്ഥ വ്യതിയാനം ഇരട്ടി പ്രഹരമാണ് കർഷകന് സമ്മാനിച്ചത്. മഴകാരണം പാകമായ ഗ്രാമ്പുറിന്റെ വിളവെടുപ്പ് നീളുകയാണ്. പ്രദേശത്തെ ഗ്രാമ്പു കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുമെന്ന പ്രതിക്ഷയിലാണ് ഇവർ.