കൽപ്പറ്റ: വയനാട് ജില്ലയിൽ ഒന്നാം സീസൺ നെല്ല് സംഭരണത്തിൽ ഇതുവരെ 1250 ഓളം കർഷകരിൽ നിന്നായി 2750 മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിനിടെ അന്യ സംസ്ഥാനത്തു നിന്നുള്ള നെല് പനമരം, മാനന്തവാടി, പടിഞ്ഞാറത്തറ പ്രദേശങ്ങളിൽ സംഭരിച്ച് ഇവിടുത്തെ കർഷകരുടെ പേരിൽ സപ്ളൈകോ വഴി നല്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് സംഭരണ നടപടികളിൽ കൃഷി ഭവനുകളുടെ നിയന്ത്രണം ഉറപ്പുവരുത്തി സംഭരണ നടപടികൾ പുനഃക്രമീകരിച്ചു.

നെല്ല് സംഭരണത്തിനായി കർഷകർ അക്ഷയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തു കൃഷിഭവനുകളിലാണ് രേഖകൾ നൽകുന്നത്. കൃഷി ഓഫീസർ ഇവയുടെയും കൃഷി സ്ഥലത്തിന്റെയും പരിശോധന നടത്തി അംഗീകരിക്കുന്ന കൃഷി സ്ഥലത്തിന്റെ വിസ്തീർണത്തിന് ആനുപാതികമായി ഒരേക്കറിന് 2000 കിലോ എന്ന തോതിൽ ആണ് സപ്ളൈകോ സംഭരിക്കുന്നത്. കൃഷി സംബന്ധമായ രേഖകൾ കൃഷിഭവനുകൾ ആണ് പരിശോധിക്കുന്നത്, സപ്ളൈകോ അധികൃതർ അല്ല.

പരാതി ഉയർന്ന സാഹചര്യത്തിൽ പനമരം പഞ്ചായത്തിലെ നെല്ല് സംഭരണം പൂർണമായും കൃഷിഭവന്റെ നിയന്ത്രണത്തിലാക്കി കൃഷിഭവനുകളിൽ നിന്ന് വിളവ് തിട്ടപ്പെടുത്തി.

സംഭരണത്തിനായി നിശ്ചയിക്കുന്ന ദിവസം കർഷകർ സപ്ളൈകോ ഗുണനിലവാര മാനദണ്ഡ പ്രകാരമുള്ള നെല്ല്, സംഭരണ കേന്ദ്രമായ പനമരം മാർക്കറ്റ് പരിസരത്ത് ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ എത്തിക്കേണ്ടതാണെന്ന് പാടി മാർക്കറ്റിങ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ കൃഷിഭവനിൽ നിന്നു ലഭിക്കും. ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടാൽ അവരെ സംഭരണ നടപടികളിൽ നിന്നു മാറ്റിനിറുത്തുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.