കുറ്റ്യാടി: വേളത്ത് ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലും കടയിലും മോഷണം. പഞ്ചായത്തിലെ പെരുവയൽ, പൂളക്കൂൽ ക്ഷീരോൽപാദക സഹകരണസംഘങ്ങളിലും പൂളക്കൂലിലെ ചായക്കടയിലുമാണ് ഞായറാഴ്ച കള്ളൻ കയറിയത്. പെരുവയൽ ക്ഷീരോൽപാദക സഹകരണസംഘത്തിന്റെ മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറി മേശയും, ഷെൽഫും കുത്തിപ്പൊളിക്കുകയും പണം അപഹരിക്കുകയും ചെയ്തു. ഇൻഷൂറൻസുമായി ബന്ധപ്പെട്ട് 9,000 രൂപയും മറ്റിനങ്ങളുമായി ബന്ധപ്പെട്ട 4,000 രൂപയും ഉൾപ്പടെ 13,000 രൂപയാണ് മോഷ്ടിച്ചത്.
പൂളക്കൂൽ ക്ഷീരോൽപാദക സഹകരണസംഘത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് പണമൊന്നും ലഭിക്കാത്തതിനാൽ സംഘത്തിൽ സൂക്ഷിച്ചിരുന്ന രണ്ട് കുപ്പി പശുവിൻ നെയ്യുമായി സ്ഥലം വിട്ടു. ചായക്കട നടത്തുന്ന ഗോപാലന്റെ കട കുത്തിതുറന്ന മോഷ്ടാവ് സാധനങ്ങൾ വലിച്ചെറിഞ്ഞു.
ഷീരോൽപാദക സഹകരണസംഘം ഭാരവാഹികളുടെ പരാതിയെ തുടർന്ന് കുറ്റ്യാടി എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പരിശോധന നടത്തി. വേളംത്ത് വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന മോഷണകേസുകളുമായി ബന്ധപ്പെട്ട് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ക്ഷീരോൽപാദക സഹകരണസംഘം ഭാരവാഹികളും ആവശ്യപ്പെട്ടു.
പി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. പി.കെ. ദാമോദരൻ, കെ.പി. ഗംഗാധരൻ, ടി. മനോജൻ, പി. സുമതി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ തായന ബാലാമണി, സി.പി.ഫാത്തിമ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു
''വേളത്ത് നടന്ന മോഷണ പരമ്പരകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും.മുമ്പുണ്ടായ കളവകേസുകളുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുവയൽ, പൂളക്കൂൽ തുടങ്ങിയ സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കും''
പി.റഫീഖ്
എസ്.ഐ.കുറ്റിയാടി