മുക്കം: മുക്കം നഗരസഭ സ്ഥിരം സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.കേവല ഭൂരിപക്ഷമില്ലാതെ എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ സ്ഥിരം സമിതി ചെയർമാൻമാരിൽ ധനകാര്യം ഉൾപ്പെടെ അഞ്ചെണ്ണം ഇടതുമുന്നണിക്കും വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം യു.ഡി.എഫിനും ലഭിക്കും. തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ്. വനിത സംവരണവിഭാഗത്തിൽ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ധനകാര്യ സ്ഥിരം സമിതിയിൽ ആരുമുണ്ടായിരുന്നില്ല.അതിനാൽ തിരഞ്ഞെടുപ്പ് ബുധനാഴ്ചയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ ധനകാര്യ സ്ഥിരം സമിതിയിൽ അഗസ്ത്യൻമുഴി 12-ാം വാർഡിൽ നിന്ന് വിജയിച്ച എൽ.ഡി.എഫ് കൗൺസിലർ പി.ജോഷിലയെ മത്സരിപ്പിക്കാൻ ധാരണയാവുകയായിരുന്നു. യു.ഡി.എഫിന് ലഭിച്ച വികസനകാര്യ സ്ഥിരം സമിതിയിൽ തൂങ്ങുംപുറം വാർഡിൽ നിന്നു വിജയിച്ച മുസ്ലിം ലീഗിലെ കെ.കെ.റുബീന ചെയർപേഴ്സസണാവും. ക്ഷേമകാര്യ സ്ഥിരം സമിതിയിൽ നഗരസഭ മുൻ ചെയർമാൻ വി.കുഞ്ഞനും പൊതുമരാമത്ത് സ്ഥിരം സമിതിയിൽ മുഹമ്മദ് അബ്ദുൽ മജീദും (സ്വതന്ത്രൻ) ചെയർമാൻമാരാവും.