കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് കാമ്പസ് കൈയേറി സ്വകാര്യവ്യക്തികളുടെ വഴി വെട്ടൽ വ്യാപകം. അതിരുകളിൽ ഇത്തരത്തിൽ രൂപപ്പെട്ടത് ഇരുപതോളം വഴികൾ !. സ്വകാര്യഭൂമിയുടെ കച്ചവട മൂല്യം കൂട്ടാൻ മാത്രം നിർമ്മിച്ച വഴികൾ അടയ്ക്കാൻ അധികൃതർ നടപടിക്കൊരുങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം വീണ്ടും പുതിയ കൈയേറ്റമുണ്ടായി. ഡി ത്രീ ത്രീ ക്വാർട്ടേഴ്സിന് സമീപം കാട് വെട്ടി വഴിയുണ്ടാക്കി ഗേറ്റും സ്ഥാപിച്ചു. ഗേറ്റ് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണെങ്കിലും പ്രവേശനം കാമ്പസ് കൈയേറിയുണ്ടാക്കിയ വഴിയിലൂടെയാണ്.
മെഡിക്കൽ കോളേജ് കാമ്പസിന് സമീപത്തെ റോഡുകളും ഉപയോഗിക്കാത്ത ക്വാർട്ടേഴ്സുകളും സാമൂഹ്യവിരുദ്ധർ താവളമാക്കിയതോടെ സംഘർഷം നിത്യസംഭവമാണ്. സ്ത്രീ ജീവനക്കാർക്ക് നേരെയുള്ള ആക്രമണവും ആവർത്തിക്കപ്പെടുന്നു. കാമ്പസിനോട് ചേർന്ന് തലങ്ങും വിലങ്ങും വഴിവെട്ടിയതിനാൽ
ടൗണിൽ അക്രമം നടത്തുന്ന ക്രിമിനലുകൾ രക്ഷപ്പെടുന്നത് ഇത്തരം വഴികളിലൂടെയാണ്.
സ്വകാര്യവ്യക്തികൾക്ക് വഴിവെട്ടാൻ അധികൃതരുടെ മൗനസമ്മതമുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മെഡിക്കൽ കോളേജ് കാമ്പസിന് ചുറ്റുമതിലെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകൾക്കും ചുറ്റുമതിൽ സ്ഥാപിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നടപടികളിൽ ഇഴയുകയാണ്. ചുറ്റുമതിൽ നിർമ്മാണത്തിനായി അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ടെൻഡർ പൂർത്തിയാകാത്ത കാരണത്താൽ പാതിവഴിയിലായി.
'' മെഡിക്കൽ കോളേജിന് ചുറ്റും ആളൊഴിഞ്ഞ സ്ഥലങ്ങൾ ഏറെയുണ്ട്. പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട് "".
എൻ.വി .ദാസൻ, സർക്കിൾ ഇൻസ്പെക്ടർ മെഡിക്കൽ കോളജ്
''മെഡിക്കൽ കോളേജിന്ചുറ്റുമതിൽ പണിയാൻ ശ്രമങ്ങൾ ഉണ്ട്. നടപടികൾ പുരോഗമിക്കുകയാണ് ""
സെൽവരാജ്, സെക്രട്ടറി, മെഡിക്കൽ കോളേജ്