bjp

കോഴിക്കോട്: തിരഞ്ഞെടുപ്പിലെ ത്രികോണ മത്സരം വിട്ട് വിജയം ഉറപ്പിക്കാനുളള തന്ത്രങ്ങൾ അണിയറയിൽ സജീവമാക്കി ബി.ജെ.പി. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കാൻ പഴുതടച്ച കരുനീക്കങ്ങളാ ണ് പാർട്ടി തലത്തിൽ നടക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെ മുൻനിറുത്തിയാകും ഇത്തവണ ജില്ലയിലെ പോരാട്ടം. ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയെ കോഴിക്കോട്ട് പരിഗണിക്കുന്നുണ്ട്. കുന്ദമംഗലത്തേക്കും ബേപ്പൂരിലേക്കുമാണ് അബ്ദുള്ളക്കുട്ടിയുടെ പേര് ഉയർന്നുവരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്രം ഉണ്ടാക്കിയ കോഴിക്കോട് നോർത്തിൽ എം.ടി രമേശ് മത്സരിച്ചേക്കും. കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കാസർകോട് ജില്ലയിലെ പ്രതിനിധികൾക്കായി കോഴിക്കോട്ട് ഈമാസം ആദ്യം ശിൽപശാല നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്കും ജീവൻ വച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെുപ്പിന്റെ പ്രചാരണകാലം മുതൽ ജില്ലയിൽ സജീവമായ എം.ടി. രമേശിന്റെ പേര് കോഴിക്കോട് നോർത്തിലേക്ക് ഉയരുന്നത് പ്രവർത്തകരിൽ ആവേശം പകർന്നിട്ടുണ്ട്.

കോഴിക്കോട് നോർത്ത്, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി മണ്ഡലങ്ങളാണ് ബി.ജെ.പി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരത്തിലെ വലിയ മുന്നേറ്റം നിയമസഭയിൽ പ്രതിഫലിക്കുമെന്നുതന്നെയാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളിൽ വിജയിച്ച ബി.ജെ.പി 22 ഇടത്താണ് രണ്ടാമതെത്തിയത്. നോർത്തിൽ മാത്രം അഞ്ച് വാർഡുകളിൽ ബി.ജെ.പി വിജയം ഉറപ്പിച്ചു. നിരവധി വാർഡുകളിൽ രണ്ടാമതും എത്തി. ഇതോടെയാണ് എം.ടി. രമേശ് മത്സരിക്കണമെന്ന ആവശ്യം ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ചത്. കഴിഞ്ഞ തവണ കെ.പി. ശ്രീശൻ 29,860 വോട്ടുകളാണ് നോർത്തിൽ നേടിയത്.

കുന്ദമംഗലത്ത് അബ്ദുള്ളക്കുട്ടിയ്ക്കാണ് പ്രഥമ പരിഗണന. സി.കെ. പത്മനാഭൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.പി. പ്രകാശ് ബാബു എന്നിവരും പട്ടികയിലുണ്ട്. ബേപ്പൂരിൽ കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ പ്രകാശ് ബാബു മത്സരിച്ചേക്കും. ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്റെ പേരും സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഭേദപ്പെട്ട പ്രകടനം നടത്തിയ കോഴിക്കോട് സൗത്ത് ഇത്തവണ ബി.ഡി.ജെ.എസിന് നൽകിയേക്കില്ല. പകരം തിരുവമ്പാടിയും പേരാമ്പ്രയുമാണ് പരിഗണനയിൽ. എന്നാൽ വിജയ സാദ്ധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം ബി.ഡി.ജെ.എസ് ഉന്നയിക്കും. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, വി.കെ. സജീവൻ എന്നിവരെയാണ് സൗത്തിൽ പരിഗണിക്കുന്നത്. പുതിയറയിൽ നിന്ന് കോർപ്പറേഷൻ കൗൺസിലറായ യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി. റനീഷിന് വേണ്ടി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. സംസ്ഥാന സെക്രട്ടറി പി. രഘുനാഥിന്റെ പേരും സജീവമാണ്. എലത്തൂരിൽ വി.വി. രാജന് വീണ്ടും അവസരം നൽകിയേക്കും. കൊയിലാണ്ടിയിൽ മുൻ സംസ്ഥാന പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, വി. സത്യൻ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. പി. ജിജേന്ദ്രൻ, അലി അക്ബ‌ർ എന്നിവരെയും വിവിധ മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്.