കോഴിക്കോട്: ബാലുശ്ശേരി റോഡിന്റെ നവീകരണ പ്രവൃത്തി ജനുവരി 18 ന് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. തകർന്ന ഭാഗം നവീകരിക്കുന്നതിന് 4 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ മൂന്ന് തവണ ടെൻഡർ ചെയ്ത പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാവാത്തതിനാൽ കാലതാമസം നേരിടുകയായിരുന്നു. പിന്നീട് നടന്ന ടെൻഡറിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെയാണ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിക്കാനുള്ള സാഹചര്യമുണ്ടായത്. ഇപ്പോൾ നടക്കുന്ന പ്രവൃത്തിയുടെ ശേഷിച്ച ഭാഗങ്ങളിൽ അറ്റകുറ്റപണി ചെയ്യുന്നതിനായി 22 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ ഭാഗങ്ങൾ പൂർണമായും ടാറിംഗ് ചെയ്യുന്നതിന് 5.42 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിയ്ക്കായി സർക്കാറിന് സമർപ്പിച്ചിരിക്കുകയാണെന്നും തുക ലഭിക്കുന്നതോടുകൂടി പൂർണമായും നവീകരിച്ച റോഡായി ഇത് മാറും. റോഡിനായി ഭൂമി ഏറ്റെടുത്ത് 12 മീറ്ററിൽ രണ്ടുവരി പാതയായി നവീകരിക്കുന്നതിന് 89 കോടി രൂപയും ഭൂമി ഏറ്റെടുക്കാൻ 4.32 കോടി രൂപയും കിഫ്ബി പദ്ധതിയിൽ നേരത്തെ അനുവദിച്ചിരുന്നു. ഈ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ വിലയിരുത്തുവാനും നിലവിലുള്ള റോഡിന്റെ അതിർത്തി നിർണയിക്കുന്നതിനുമുള്ള പ്രവൃത്തികൾ വേഗത്തിൽ നടന്നു വരുന്നതായും മന്ത്രി അറിയിച്ചു.