1
കണ്ടെത്തിയ ബൈക്കുകൾ

കോഴിക്കോട്: നഗരത്തിൽ പിടിയിലായ കുട്ടിക്കള്ളൻമാർ ഉൾപ്പെടുന്ന സംഘം വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന മോഷണ കഥകൾ. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖദാർ സ്വദേശികളായ മുഹമ്മദ് അറഫാൻ, മുഹമ്മദ് അജ്മൽ, രണ്ട് പ്രായപൂർത്തിയാവാത്ത കുട്ടികൾ എന്നിവരുമായി കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എ.ജെ ബാബുവിന്റെ നേതൃത്വത്തിൽ പന്നിയങ്കര ഇൻസ്‌പെക്ടർ എ.അനിൽകുമാറും സി​റ്റി ക്രൈം സ്‌ക്വാഡും ചേർന്ന് തെളിവെടുപ്പ് നടത്തി. ഞെട്ടിക്കുന്ന മോഷണ വിവരങ്ങളാണ് പൊലീസിനോട് ഇവർ സമ്മതിച്ചത്. പന്നിയങ്കര, ടൗൺ സ്റ്റേഷൻ പരിധിയിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്ന് പണവും ഇലക്ട്രോണിക്‌സ് സാധനങ്ങളും മോഷ്ടിച്ചത് ഇവരാണെന്ന് സമ്മതിച്ചു. നഗരത്തിലെ വിവിധ പൊലീസ് സ്​റ്റേഷൻ പരിധിയിൽ നിരവധി ബൈക്കുകളും മോഷണം നടത്തിയിട്ടുണ്ട്. വീട്ടിൽ പതിവുപോലെ രാത്രിയിലെത്തുകയും രക്ഷിതാക്കൾ ഉറങ്ങിയശേഷം പുറത്തിറങ്ങി നൈ​റ്റ് റൈഡ് ഫണ്ടിംഗ് എന്ന പേരിൽ ചു​റ്റിക്കറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പകൽ യാത്രകളിൽ ആ‌ർ.എക്സ് ബൈക്കുകൾ കണ്ടെത്തി യാത്രക്കാരെ പിന്തുട‌ർന്ന് രാത്രിയിൽ മോഷ്ടിക്കും. മോഷ്ടിച്ച ബൈക്കുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടെന്ന് കണ്ടാൽ ഉപേക്ഷിക്കുകയോ വില്പന നടത്തുകയോ ചെയ്യും. ആഡംബര ബൈക്കുകളോടാണ് ഇവർക്ക് താത്പര്യം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവർ മോഷ്ടിച്ച ബൈക്കുകളും സ്മാർട്ട് ഫോണും വാച്ചും ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിയും ബൈക്കുകൾ കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.ഷാലു, ഹാദിൽ കുന്നുമ്മൽ ,എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമൺ, എ.വി സുമേഷ്, പന്നിയങ്കര പൊലീസ് സബ് ഇൻസ്പെക്ടർമാരായ കെ.എം സന്തോഷ് മോൻ, ശശീന്ദ്രൻ നായർ, സീനിയർ സി.പി.ഒ കെ.എം രാജേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.