സുൽത്താൻ ബത്തേരി: ഓട്ടത്തിനിടെ കാറിന് നേരെ മിനി ലോറി കുറുകെയിട്ട് ആക്രമണം. ദേശീയപാതയിൽ മീനങ്ങാടി പാതിരിപ്പാലത്തിന് സമീപത്തു വെച്ചായിരുന്നു ഇന്നലെ രാവിലെ സിനിമാ സ്റ്റൈലിലുള്ള വേട്ട. മൈസൂരിൽ നിന്ന് സ്വർണം വിറ്റ വകയിലെന്ന് പറയുന്ന 25 ലക്ഷം രൂപയുമായി തിരിച്ച കോഴിക്കോട് വാവാട് കപ്പാലംകുടി ആഷിഖ് (29), സലീം എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു അക്രമം. ഇരുവരും അക്രമികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടങ്കിലും ഇതിലൊരാളെ പിന്നീട് നാട്ടുകാർ തടഞ്ഞു പൊലീസിൽ ഏല്പിച്ചു. അക്രമികൾ ലോറിയിലും രണ്ടു കാറുകളിലുമായി രക്ഷപ്പെട്ടു.
പണവുമായി വന്ന സംഘത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണ് ആക്രമികളെന്നിരിക്കെ കുഴൽപണ ഇടപാടായിരിക്കാം ആക്രമണത്തിന് പിന്നിലുള്ള കാരണമെന്ന് പൊലീസ് കരുതുന്നു. ചോദ്യംചെയ്യൽ തുടരുകയാണ്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചതിനാൽ സംഘത്തെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.
ഐഷർ മിനി ലോറിയിലും രണ്ടു കാറുകളിലുമായി എത്തിയ ആക്രമിസംഘം പാതിരിപ്പാലത്ത് പുതുതായി പണിയുന്ന പാലത്തിനോട് ചേർത്ത് വണ്ടികളിട്ട് രാവിലെ കാത്തുനില്പായിരുന്നു. കാർ എത്തിയപ്പോഴേക്കും ലോറി വിലങ്ങനെ കയറ്റി തടഞ്ഞ ശേഷം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചില്ലുകൾ തകർത്തു. ഇതിനിടെ കാർ പാലത്തിനടുത്തുള്ള മുണ്ടനടപ്പ് റോഡിലേക്ക് അതിവേഗം ഓടിച്ച് കയറ്റി രണ്ടു പേരും അപ്പുറത്തെ എസ്റ്റേറ്റിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതെല്ലാം കണ്ട് തടിച്ചുകൂടിയ നാട്ടുകാർ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട് അക്രമികൾക്ക് നേരെ കൂട്ടത്തോടെ ഓടിയടുത്തപ്പോൾ അവർ പെട്ടെന്ന് ലോറിയിലും കാറുകളിലുമായി സ്ഥലംവിട്ടു. എസ്റ്റേറ്റിലേക്ക് ഓടിക്കയറിയ സംഘത്തിലെ ആഷിഖ് തിരികെ വന്ന് വാഹനം എടുക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ തടഞ്ഞ് മീനങ്ങാടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വാഹനം തകർത്തതുമായി ബന്ധപ്പെട്ട് ആഷിഖിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുമുണ്ട്.