സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോവിൽ വരുമാനനഷ്ടം വരുത്തിയതിന് എ.ടി.ഒ ഉൾപ്പെടെ മൂന്നു പേർക്ക് സസ്‌പെൻഷൻ. അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ കെ.ജയകുമാറിനു പുറമെ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ എം.ഹരിഹരൻ, ഡ്രൈവർ പി.മുഹമ്മദ്കുട്ടി എന്നിവരെയാണ് അന്വേഷണവിധേയമായി സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.
കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുന്ന ആറ് സൂപ്പർ ക്ലാസ് സർവീസുകൾ റദ്ദ് ചെയ്യാനിടയാക്കി സാമ്പത്തികനഷ്ടം വരുത്തിയെന്നതിന് 1960-ലെ കേരള സിവിൽ സർവീസ് ചട്ടം 10 പ്രകാരമാണ് നടപടി. കഴിഞ്ഞ ഡിസംബർ 29നാണ് 6 സൂപ്പർ ക്ലാസ് സർവീസുകൾ റദ്ദാക്കിയത്. ഇതുമൂലം കോർപ്പറേഷന് ശരാശരി ലഭ്യമാകുന്ന 1.56 ലക്ഷം രൂപ നഷ്ടപ്പെടാനിടയായി. സർവീസ് ഉറപ്പാക്കുന്ന കാര്യത്തിൽ ഗുരുതരമായ കൃത്യവിലോപമാണ് എ.ടി.ഒ ഉൾപ്പെടെയുള്ള മൂന്ന് പേരുടെയും ഭാഗത്ത് നിന്നുണ്ടായതെന്ന് വിജിലൻസ് വിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഇവർക്കെതിരെ ചീഫ് ഓഫീസിൽ നിന്ന് സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങുകയായിരുന്നു.
റദ്ദ് ചെയ്യപ്പെട്ട സൂപ്പർ ക്ലാസ് സർവീസുകളിലേക്ക് കഴിഞ്ഞ ഡിസംബർ 29-ന് ആറ് ഡ്രൈവർ കം കണ്ടക്ടർമാരെയാണ് നിയോഗിച്ചിരുന്നത്. 30-ന് നടക്കുന്ന യൂണിയനുകളുടെ ഹിതപരിശോധനയിൽ തങ്ങൾക്ക് വോട്ടവകാശം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേലുദ്യോഗസ്ഥർ ചെയ്തുകൊടുക്കുമെന്ന ഉറപ്പിന്മേൽ ഡ്യൂട്ടിക്ക് പോകാൻ ഡ്രൈവർമാരും കണ്ടക്ടർമാരും തയ്യാറാവുകയായിരുന്നു. അഡ്വാൻസ് വോട്ട് 29-ന് 7 മണി വരെ ചെയ്യാമെന്ന തെറ്റായ വിവരമാണ് നൽകിയിരുന്നത്. 29-ന് 10 മണിവരെയായിരുന്നു വോട്ട് രേഖപ്പെടുത്താൻ അനുവദനീയമായ സമയം. ഡ്രൈവർ കം കണ്ടക്ടർമാർക്ക് ഈ വിവരം കൈമാറുകയോ, വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമോ ചെയ്തുകൊടുത്തിരുന്നെങ്കിൽ ഈ ജീവനക്കാർക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനും ഈ സർവീസുകൾ റദ്ദാക്കുന്നത് ഒഴിവാക്കാനും കഴിയുമായിരുന്നുവെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.