ചേളന്നൂർ: കുമാരസ്വാമി അതിയാനത്തിൽ താഴത്ത് കൈക്കനാൽ പുനരുദ്ധാരണം നടക്കുന്നിടത്ത് മലവെള്ളം ഒഴുകിയെത്തി റോഡിൽ കുഴി രൂപപ്പെട്ടതോടെ അരിക് ഇടിഞ്ഞ്കടയും സമീപത്തെ വീടിന്റെ മതിലും അപകടാവസ്ഥലായി. കൈകനാലിന് രണ്ട് മീറ്ററോളും ആഴമായിട്ടുണ്ട്.
കടയും തന്റെ വീടും അപകടത്തിൽ പെടുമോ എന്ന ഭീതിയിലാണ് കടയുടമ കെ പി ബാലനും കുടുംബവും.
എതാനും പലകകൾ ഇവിടെ ഇടുക മാത്രമാണ് ജലസേചന വകുപ്പ് അധികൃതർ ചെയ്തിട്ടുള്ളത്. ജപ്പാൻ പദ്ധതിയിൽ മൂടിപ്പോയ കൈകനാലിലും ആഴമുള്ള കടയുടെ ഭാഗത്തും സ്ലാബിട്ടില്ലെങ്കിൽ അപകട മരണം വരെ സംഭവിക്കുമെന്നു നാട്ടുകാർ പറയുന്നു. പരാതിയെ തുടർന്ന് സ്ഥലം എം എൽ എ കൂടിയായ മന്ത്രി എ കെ,ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എംകെ രാജേന്ദ്രൻ, എ ജെസ്സിന, മുൻ ഗ്രാമ പഞ്ചായത്ത് അംഗം വി ജിതേന്ദ്രനാഥ് തുടങ്ങിയവരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. പാർശ്വഭിത്തി കെട്ടിയും കടയുടെ മുന്നിൽ സ്ലാബിട്ടും പ്രശ്നം പരിഹരിക്കുമെന്നും അടുത്ത ദിവസം അസി. എക്സിക്യുട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിക്കുമെന്നും ജലസേചന വകുപ്പു ഉദ്യോഗസ്ഥർ പറഞ്ഞു.