തികഞ്ഞ പ്രതീക്ഷയോടെ മലയോരം
മുക്കം: പാരിസ്ഥിതിക അനുമതി ലഭ്യമാകുന്നതോടെ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമ്മാണം വരുന്ന സാമ്പത്തികവർഷം തന്നെ തുടങ്ങുമെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ തികഞ്ഞ പ്രതീക്ഷയിലാണ് മലയോരമേഖലയിലുള്ളവർ. പുതിയ സാമ്പത്തികവർഷം തുടങ്ങുന്നവയിൽ സുപ്രധാന പദ്ധതികളിലൊന്നായിരിക്കും ഇതെന്ന് ധനമന്ത്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം മേഖലയിലടക്കം കിഴക്കൻ മലയോരങ്ങളിൽ വികസനരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാവുമെന്ന പ്രത്യാശയിലാണ് തിരുവമ്പാടി മണ്ഡലം.
സംസ്ഥാന ബഡ്‌ജറ്റിൽ തിരുവമ്പാടി മണ്ഡലത്തിലെ മറ്റു പ്രധാന പദ്ധതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് ജോർജ് എം.തോമസ് എം.എൽ.എ പറഞ്ഞു. മുത്തേരി - കല്ലുരുട്ടി റോഡിന് 5 കോടിയും ചുള്ളിക്കാപറമ്പ് - കവിലട റോഡിന് അഞ്ച് കോടിയും അനുവദിച്ചു. ഈ പ്രവൃത്തികൾ ഏപ്രിലിനു ശേഷം ആരംഭിക്കും.
തിരുവമ്പാടിയിൽ കാർഷികോത്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും കോൾഡ് സ്റ്റോറേജ് സ്ഥാപിക്കും. കൊടിയത്തൂർ എരഞ്ഞിമാവിൽ പഴം പച്ചക്കറി സംഭരണ സംസ്‌കരണ കയറ്റുമതി കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. കക്കാടംപൊയിൽ ഹൈ ആൾട്ടിറ്റ്യൂഡ് സ്‌പോർട്‌സ് സെന്റർ നിർമ്മാണം, വയനാട് ചുരം ഒമ്പതാം വളവിൽ ഹാംഗിംഗ് പ്ലാറ്റ്‌ഫോം വ്യൂ പോയിന്റ് വികസനം എന്നിവ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയ വേറിട്ട പദ്ധതികളാണ്.
ഈരൂട് പാലത്തിന് 5 കോടിയും വഴിക്കടവ് പാലത്തിന് 4. 8 കോടിയും ബഡ്‌ജറ്റിൽ അടങ്കലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുക്കം സി എച്ച് സി പുതിയ ഐ.പി ബ്ലോക്കുൾപ്പെടെയുള്ള കെട്ടിട നിർമ്മാണത്തിന് 10 കോടിയും പുതുപ്പാടി എഫ്.എച്ച്.സി കെട്ടിട നിർമ്മാണത്തിന് 10 കോടിയും കാരശ്ശേരി എഫ്.എച്ച്.സി കെട്ടിട നിർമ്മാണത്തിന് 2 കോടിയും ബഡ്‌ജറ്റ് അടങ്കൽ പട്ടികയിൽ പെടും.
താഴെ കൂടരഞ്ഞി വല്ലത്തായ്‌പാറ റോഡിന് 3 കോടി, കൂടരഞ്ഞി പെരുമ്പൂള നായാടംപൊയിൽ റോഡ് 10 കോടി, ആർ.ഇ.സി മുത്തേരി റോഡ് 5 കോടി, നെല്ലിപ്പൊയിൽ കണ്ടപ്പൻചാൽ റോഡ് 8 കോടി, മണാശ്ശേരിമുത്താലം റോഡ് 3 കോടി.വെസ്റ്റ് കൈതപ്പൊയിൽ ഏഴാം വളവ് ചുരം ബദൽ റോഡ് 15 കോടി, അമ്പായത്തോട് ഈരൂട് കോടഞ്ചേരി റോഡ് 10 കോടി, തിരുവമ്പാടി ടൗൺ പരിഷ്‌കരണം 5 കോടി, വാലില്ലാപ്പുഴതോട്ടുമുക്കം റോഡ് 5 കോടി തുടങ്ങിയ റോഡ് പരിഷ്‌കരണ പദ്ധതികളുടെ നിർദ്ദേശങ്ങളും ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.