vaccine

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വാക്‌സിൻ വിതരണം ഇന്ന് തുടങ്ങും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽ നിന്നുൾപ്പെടെ 33,799 പേരാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, എം.കെ രാഘവൻ.എം.പി, എ. പ്രദീപ്കുമാർ എം.എൽ.എ എന്നിവർ സൂം കോൺഫറൻസിലൂടെ പങ്കെടുക്കും. ബീച്ച് ആശുപത്രിയിലെ വാക്‌സിനേഷൻ ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ് പങ്കെടുക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാക്സിനേഷന് തുടക്കം കുറിക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.ആർ. രാജേന്ദ്രൻ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ എന്നിവർ വാക്സിനേഷന് മേൽനോട്ടം വഹിക്കും. മറ്റ് സെന്ററുകളിൽ തദ്ദേശഭരണ സ്ഥാപന പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരിക്കും വാക്സിനേഷൻ. ഒരു വാക്സിനേറ്റർ, നാല് വാക്സിനേഷൻ ഓഫീസർമാർ എന്നിവരാണ് ഓരോ കേന്ദ്രത്തിലുമുണ്ടാവുക. വാക്സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകൾ ഉണ്ടായാൽ പരിഹരിക്കുന്നതിനുളള ആംബുലൻസ് അടക്കമുളള സംവിധാനം ഇവിടെ ഉണ്ടാകും. ഒരു കേന്ദ്രത്തിൽ 100 പേർ വീതം 11 കേന്ദ്രങ്ങളിലായി 1100 പേർക്ക് ഒരു ദിവസം വാക്സിൻ നൽകും. വാക്സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരാൾക്ക് മാത്രമാണ് ഒരുസമയം വാക്സിനേഷൻ റൂമിലേക്ക് പ്രവേശനം. വാക്സിനേഷനു ശേഷം കുത്തിവെപ്പ് എടുത്തയാൾ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം. വാക്സിനേഷൻ റൂമിൽ സ്വകാര്യത ഉറപ്പ് വരുത്തും.

വാ​ക്സി​ൻ​ ​എ​ടു​ത്താൽ ശ്രദ്ധിക്കേണ്ടത്


വാക്‌സിൻ എടുത്ത 10ൽ ഒരാൾക്ക് കുത്തിവെപ്പ് എടുത്ത സ്ഥലത്ത് ആർദ്രത, വേദന, ചുവപ്പ്, ചൊറിച്ചിൽ, നീർവീക്കം അല്ലെങ്കിൽ ചതവ്, ക്ഷീണം അസുഖം ഉള്ളതുപോലുള്ള തോന്നൽ തുടങ്ങിയവയിലേതെങ്കിലും ലക്ഷണങ്ങളും 100 പേരിൽ ഒരാൾക്ക് തലവേദന, സന്ധിവേദന, ഛർദ്ദിക്കാൻ തോന്നുക, പനി, ജലദോഷം, ചുമ ,തണ്ണുപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയിലേതെങ്കിലും കാണാറുണ്ട്. തലകറക്കം, വിശപ്പിലായ്മ, വയറുവേദന, അമിത വിയർപ്പ്, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. വാക്‌സിൻ എടുത്ത ശേഷം കടുത്ത അലർജി അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയോ തൊട്ടടുത്തുള്ള ആശുപത്രിയിൽ പോവുകയോ ചെയ്യണം.

വാക്സിൻ നൽകില്ല.

ഗർഭിണികൾ,​ കുട്ടികൾ,​ കൊവിഡ് പോസിറ്റീവായവർ.

വാക്സിനേഷൻ കേന്ദ്രങ്ങൾ

കോഴിക്കോട് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ഫറോക്ക് ഇ.എസ്.ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം,കൊയിലാണ്ടി, താലൂക്ക് ആശുപത്രികൾ, പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം, നരിക്കുനി, മുക്കം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ആസ്റ്റർ മിംസ് എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുക.

കോവിഷീൽഡ്

രണ്ടു ഡോസുകളായി കൊവിഡ് -19നെതിരായ വാക്‌സിനാണ് കോവിഷീൽഡ്. കോവിഷീൽഡ് കുത്തിവെപ്പ് രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. 0.5 മി.ലി വീതമുള്ള രണ്ടു ഡോസുകൾ. കൈയിലെ ഡെൽറ്റോയിഡ് മസിലിലാണ് കുത്തിവെപ്പ് നൽകുന്നത്. ആദ്യ ഡോസ് എടുത്ത് നാലു മുതൽ ആറ് ആഴ്ചകൾക്കുശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. രണ്ടാം ഡോസ് വാക്‌സിനെടുത്ത് നാല് ആഴ്ചകൾക്കകം ശരീരത്തിന് പ്രതിരോധശേഷി ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു വാക്‌സിൻ ഉപയോഗിക്കുന്നത്. കോവിഷീൽഡിന് മാർക്കറ്റിംഗ് അംഗീകാരമില്ലെങ്കിലും കൊവിഡ് -19 തടയുന്നതിന് 18 വയസിനു മുകളിലുള്ളവർക്ക് അടിയന്തര സാഹചര്യത്തിൽ നിയന്ത്രിച്ച് വാക്‌സിൻ ഉപയോഗിക്കാം. എന്തെങ്കിലും മരുന്നുകളോ വാക്‌സിനോ ഭക്ഷണമോ അലർജിയുണ്ടെങ്കിലും രക്തസ്രാവമോ രക്തം കനം കുറയുന്നതായ ആരോഗ്യ പ്രശ്‌നമോ ഉണ്ടെങ്കിലും കൊവിഡ് 19 വാക്‌സിൻ നേരത്തെ സ്വീകരിച്ചിട്ടുണ്ടെങ്കിലും വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പ് ആരോഗ്യപ്രവർത്തകരെ അറിയിക്കണം. ഗർഭിണികൾ,​ ആകാൻ ഉദ്ദേശിക്കുന്നവർ ,​ മുലയൂട്ടുന്ന അമ്മമാർ ഈ വിവരം അറിയിക്കണം. മറ്റെന്തെങ്കിലും വാക്‌സിനോ മരുന്നോ അലർജിയുള്ളവർ കോവിഷീൽഡ് ഉപയോഗിക്കാൻ പാടില്ല. രണ്ടാം ഡോസ് എടുത്തിലെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും അവരുടെ നിർദ്ദേശ പ്രകാരം വാക്‌സിൻ സ്വീകരിക്കുകയും വേണം.

ഉറപ്പുവരുത്തണം

വാക്‌സിൻ ലഭിച്ച വിവരം ഡിജിറ്റൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.കൂടാതെ വാക്‌സിനേഷൻ കാർഡ് സൂക്ഷിച്ച് വെക്കണം.