മുക്കം: തെരുവുവിളക്കുകൾ എൽ ഇ ഡി ആക്കി മാറ്റുന്ന സംസ്ഥാന സർക്കാരിന്റെ നിലാവ് പദ്ധതി നടപ്പിലാക്കില്ലെന്ന കാരശ്ശേരി പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
നിലാവ് പദ്ധതി സംബന്ധിച്ച സർക്കാർ നിർദ്ദേശം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച രണ്ടു മണിയ്ക്ക് ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിലാണ് തീരുമാനവും പ്രതിഷേധവുമുണ്ടായത്. ഭരണസമിതിയിൽ ചിലർക്ക് പദ്ധതിയോട് യോജിപ്പായിരുന്നെങ്കിലും വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പദ്ധതിയ്ക്കെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നു. പഞ്ചായത്ത് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ആയിരത്തിലധികം സി.എഫ്.എൽ സ്ട്രീറ്റ് ലൈറ്റുകൾ എൽ.ഇ ഡി ബൾബാക്കി മാറ്റാനുള്ള പദ്ധതി രാഷ്ട്രീയവിരോധത്തിന്റെ പേരിൽ ഉപേക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി എഫ് അംഗങ്ങൾ പറഞ്ഞു. കെ.പി ഷാജി, എം.ആർ.സുകുമാരൻ, കെ.ശിവദാസൻ, കെ.കെ.നൗഷാദ് , ഇ.പി.അജിത്ത്, ശ്രുതി കമ്പളത്ത്, ജിജിത സുരേഷ് എന്നിവരാണ് ഇറങ്ങിപ്പോയത്.
എന്നാൽ, സാമ്പത്തികവർഷം അവസാനിക്കാറായ സമയത്ത് പദ്ധതി നടപ്പാക്കാനാവില്ലെന്നും അടുത്ത വർഷം ഇതിനെ കുറിച്ച് പഠിച്ച് തീരുമാനിക്കാമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വി.പി.സ്മിത പറഞ്ഞു. ഭരണം നഷ്ടപ്പെട്ടതിന്റെ ജാള്യതയാണ് എൽ.ഡി എഫ് ഇറങ്ങിപ്പോക്കിന് പിന്നിൽ.