കോഴിക്കോട്: സംസ്ഥാന ബഡ്ജറ്റിൽ നാളികേരത്തിന്റെ താങ്ങുവില ഉയർത്തിയത് ജില്ലയിലെ കേര കർഷകർക്ക് ആശ്വാസമാകും. 27ൽ നിന്ന് 32 രൂപയാണ് ഉയർത്തിയത്.
കൊവിഡ് വ്യാപനം ജില്ലയിലെ നാളികേര കർഷകർക്ക് വലിയ തിരിച്ചടിയായിരുന്നു. വിപണനവും സംഭരണവും പ്രതിസന്ധിലായതോടെ പ്രസിദ്ധമായ കുറ്റ്യാടി ഭാഗത്തെ നാളികേര കർഷകർ പോലും തിരിച്ചടി നേരിട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാളികേര കർഷകരുള്ള ജില്ലയാണ് കോഴിക്കോട്. കയറ്റുമതിയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണങ്ങളും നിലച്ചതോടെ നഷ്ടത്തിലായ മേഖലയ്ക്ക് ആശ്വാസം പകരുന്നതാകും താങ്ങുവിലയിലെ വർദ്ധന. വേനൽ അടുക്കുന്നതോടെ നാളികേര കർഷകർക്ക് പ്രധാന സീസണാണ് വരുന്നത്.