കോഴിക്കോട്: സംസ്ഥാന ബഡ്ജറ്റിൽ കോഴി കർഷകർക്ക് നിരാശ. ദീർഘകാലത്തെ ആവശ്യങ്ങളൊന്നും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കർഷകരുടെ പരാതി.
കോഴിത്തീറ്റയുടെ ലഭ്യത മിതമായ നിരക്കിൽ ഉറപ്പ് വരുത്താൻ കോഴിക്കോട്ടും തിരുവനന്തപുരത്തും കോഴിത്തീറ്റ ഫാക്ടറികൾ ആരംഭിക്കണമെന്ന് കർഷകർ നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു.
ലോക്ക് ഡൗൺ കാലത്ത് ഇതര സംസ്ഥാന ഗതാഗത ബന്ധം പൂർണ്ണമായും നിലച്ചിരുന്നു. ഇതോടെ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള കോഴിത്തീറ്റ വരവും നിലച്ചു. കോഴിത്തീറ്റ ലഭിക്കാതെ ധാരാളം കോഴികൾ ചത്തൊടുങ്ങാൻ തുടങ്ങിയതോടെ പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ ഇടപെട്ടു. തുടർന്ന് കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ കോയമ്പത്തൂർ, ഈറോഡ് കളക്ടർമാരുമായി ബന്ധപ്പെടുകയും പ്രത്യേക ഉത്തരവിലൂടെ കോഴിത്തീറ്റ എത്തിക്കുകയുമാണ് ചെയ്തത്. ഇതിനൊരു പരിഹാരമായിട്ടാണ് കേരളത്തിൽ സർക്കാർ ഉടമസ്ഥതയിൽ കോഴിത്തീറ്റ ഫാക്ടറി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച യാതൊരു പ്രഖ്യാപനവും ബഡ്ജറ്റിൽ ഉണ്ടായില്ല.
കോഴിക്കുഞ്ഞുങ്ങൾക്കായി സംസ്ഥാനത്തെ കോഴി കർഷകർ ആശ്രയിക്കുന്നത് തമിഴ്നാട്ടിലെ വൻ കിട സ്ഥാപനങ്ങളെയാണ്. കേരളത്തിൽ നിന്നുള്ള ഡിമാൻഡ് വർദ്ധിക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങളുടെ വില യാതൊരു നിയന്ത്രണവുമില്ലാതെ അവർ വർദ്ധിപ്പിക്കും. ഇതിന് പരിഹാരമെന്നോണം സർക്കാർ നിയന്ത്രണത്തിലോ സഹകരണ മേഖലയിലോ ഹാച്ചറി സ്ഥാപിക്കണമെന്ന് കോഴി കർഷകർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും പരിഗണിച്ചില്ല.സർക്കാർ അനുകൂല സാഹചര്യമൊരുക്കുകയാണെങ്കിൽ സംസ്ഥാനത്തിനാവശ്യമായ കോഴി മുട്ടയും കോഴി ഇറച്ചിയും ഇവിടെത്തെന്നെ ഉല്പാദിപ്പിക്കാൻ സാധിക്കുമെന്ന് പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നു.
വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് താല്പര്യമുള്ള മേഖലയാണ് പൗൾട്രി ഫാം. ധാരാളം പ്രവാസികൾ ഈ മേഖയിലേക്ക് വന്നിരുന്നുവെങ്കിലും പ്രതികൂല സാഹചര്യം കാരണം പിന്മാറുകയായിരുന്നു.