vaccine

കോഴിക്കോട്: ആരോഗ്യ പ്രവർത്തകർക്ക് ആദ്യത്തെ കുത്തിവെപ്പ് നൽകി മഹാമാരിക്കെതിരായ ചെറുത്തുനിൽപ്പിന് ഇന്നലെ തുടക്കമായി. ബീച്ച് ആശുപത്രിയിൽ സജ്ജീകരിച്ച വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിനേഷൻ യജ്ഞം ഉദ്ഘാടനം ചെയ്തശേഷം കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, എം.കെ.രാഘവൻ എം.പി, എ. പ്രദീപ് കുമാർ എം.എൽ. എ എന്നിവരും സൂം കോൺഫറൻസ് വഴി പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ, ജൂനിയർ കൺസൾട്ടന്റ് ഡോ.മൃദുലാൽ, ആർ.സി.എച്ച് ഓഫീസർ ഡോ.മോഹൻദാസ്, ഡോ.ജി.രഞ്ജിത്ത്, സൂപ്രണ്ട് വി.ഉമ്മർ ഫാറൂഖ്, ഡോ.കെ.എം.സച്ചിൻ ബാബു,ആർ.എം.ഒ ഡോ.സി.ബി.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ ആശുപത്രി ജൂനിയർ കൺസൾട്ടന്റ് ഡോ.വിപിൻ വർക്കി ആദ്യ ഡോസ് സ്വീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.വി.ആർ. രാജേന്ദ്രൻ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാക്‌സിനേഷന് തുടക്കമായി. മറ്റ് സെന്ററുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു വാക്‌സിനേഷന്‍ തുടക്കമായത്. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടന്ന് ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരടങ്ങുന്ന സമിതി വിലയിരുത്തി.

വാക്സിനേഷൻ 11 കേന്ദ്രങ്ങളിലൂടെ

ജില്ലയിലെ 11 കേന്ദ്രങ്ങളിലൂടെയാണ് വാക്സിനേഷൻ നൽകുന്നത്. കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര താലൂക്ക് ആശുപത്രികൾ, നരിക്കുനി, മുക്കം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം, ഫറോക്ക് ഇ.എസ്.ഐ. ആശുപത്രി , ജില്ലാ ആയുർവേദ ആശുപത്രി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിലാണ് കൊവിഡ് വാക്സിനേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്.

ഒരുകേന്ദ്രത്തിൽ 100 പേർക്ക്

ഒരു കേന്ദ്രത്തിൽ 100 പേർ വീതം 11 കേന്ദ്രങ്ങളിലായി 1100 പേർക്കാണ് ഒരു ദിവസം വാക്‌സിൻ നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽ നിന്നുൾപ്പെടെ 33,799 പേരാണ് വാക്‌സിനേഷനായി ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു വാക്‌സിനേറ്റർ, നാല് വാക്‌സിനേഷൻ ഓഫീസർമാർ എന്നിവരാണ് ഓരോ വാക്‌സിനേഷൻ കേന്ദ്രത്തിലുമുള്ളത്. വാക്‌സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകൾ ഉണ്ടായാൽ പരിഹരിക്കുന്നതിനായി ആംബുലൻസ് അടക്കമുളള സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഗർഭിണികൾക്കും കുട്ടികൾക്കും കൊവിഡ് പോസിറ്റീവ് ആയവർക്കും വാക്‌സിൻ നല്‍കുന്നില്ല.