കൽപ്പറ്റ: ധനമന്ത്രി അവതരിപ്പിച്ചത് ജനവിരുദ്ധ ബജറ്റാണെന്ന് ജില്ലാ യു ഡി എഫ് ചെയർമാൻ പി.പി.എ കരീമും കൺവീനർ എൻ.ഡി അപ്പച്ചനും പറഞ്ഞു.

അമ്പതിനായിരത്തിലധികം ചെറുകിട കാപ്പി കർഷക കുടുംബങ്ങളാണ് ജില്ലയിലുള്ളത്. 1.20 ലക്ഷം കാപ്പിത്തോട്ടങ്ങൾ ജില്ലയിലുണ്ട്. 90000 ടൺ ആണ് കാപ്പിയുടെ ശരാശരി ഉല്പാദനം. നിലവിൽ ഉണ്ടക്കാപ്പിക്ക് 65 രൂപയാണ് വില. 90 രൂപ തറവില നിശ്ചയിച്ച് കാപ്പിയെടുക്കുന്നതിനാണ് ബഡ്ജറ്റിൽ അഞ്ച് കോടി രൂപ നീക്കിവെച്ചിരിക്കുന്നത്. 90 രൂപ വെച്ച് എടുക്കാനാണെങ്കിൽ ഇത്രയും രൂപ ഉപയോഗിച്ച് എടുക്കാനാവുന്നത് 2000 ടൺ മാത്രമാണ്. എല്ലാവർക്കും ഗുണം കിട്ടാനാണെങ്കിൽ 200 കോടി രൂപയെങ്കിലും മാറ്റിവെക്കണമായിരുന്നുവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ബ്രാന്റഡ് കോഫി ബ്രഹ്മഗിരി സൊസൈറ്റിക്ക് വേണ്ടി മാത്രമായാണ് പറയുന്നത്. കോഫി ബ്രാന്റിംഗ് പരാമർശങ്ങൾ തുടർച്ചയായി അഞ്ച് ബഡ്ജറ്റിൽ പറഞ്ഞിട്ടും നടന്നിട്ടില്ല. 95 ശതമാനം സി.പി.എം അംഗങ്ങളുള്ള ബ്രഹ്മഗിരി സൊസൈറ്റിയെ വളർത്താനാണ് തുക വകയിരുത്തിയിരിക്കുന്നത്. ചെറുകിട കൃഷിക്കാരെ സഹായിക്കാനാണെങ്കിൽ രണ്ടരയേക്കർ വരെയുള്ള കാപ്പികർഷകർക്ക് ഏക്കറിന് പതിനായിരം രൂപ വെച്ച് ഇൻസന്റീവ് കൊടുക്കാൻ തയ്യാറാകണം.

മെഡിക്കൽ കോളജിനായി 300 കോടി വകയിരുത്തിയിട്ടുണ്ട്. എവിടെ സ്ഥലമെടുക്കുമെന്നത് സംബന്ധിച്ച് യാതൊരു നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല.

വന്യമൃഗശല്യം തടയുന്നതിൽ ഈ സർക്കാർ സമ്പൂർണ പരാജയമായിരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മടക്കിമലയിലെ ഭൂമിയിൽ തന്നെ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്നും ഇരുവരും പറഞ്ഞു.