സുൽത്താൻ ബത്തേരി: നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത അട്ടിമറിക്കുന്നതിനെതിരെ നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മറ്റി വീണ്ടും സമരത്തിന്. മുടങ്ങിപ്പോയ റെയിൽപാതയുടെ പ്രവൃത്തികൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ തുടക്കമായി 20ന് കൽപ്പറ്റ സിവിൽ സ്റ്റേഷനു മുൻപിൽ ആക്‌ഷൻ കമ്മറ്റി ബഹുജനധർണ്ണ സംഘടിപ്പിക്കും. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിവിധ ക്രിസ്ത്യൻ സഭകൾ, മുസ്ലീം സമുദായ സംഘടനകൾ, ആദിവാസി സംഘടനകൾ, വ്യാപാരി വ്യവസായികൾ, ചേംബർ ഓഫ് കോമേഴ്സ്, മലബാർ ഡവലപ്‌മെന്റ് ഫോറം, വിവിധ കർഷക സംഘടനകൾ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ മുതലായവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബത്തേരി ബിഷപ്പ് ഡോ:ജോസഫ് മാർ തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്യും.
റെയിൽപാതയ്ക്ക് കർണ്ണാടക അനുമതി നൽകുന്നില്ലെന്നും കർണ്ണാടകയാണ് കേരളത്തിന്റെ ശത്രു എന്നുമാണ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞത്. എന്നാൽ 2017 മാർച്ചിൽ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥർ കർണ്ണാടക ചീഫ് സെക്രട്ടറിയുമായും മുഖ്യമന്ത്രിയുമായും നടത്തിയ ചർച്ചയിൽ ബന്ദിപ്പൂർ വനമേഖലയിൽ ടണൽ വഴിയുള്ള റയിൽപാതയ്ക്ക് അനുമതി നൽകാമെന്ന് സമ്മതിച്ചിരുന്നു. ബന്ധപ്പെട്ട ഏജൻസി (ഡി.എം.ആർ.സി) വഴി അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക അഡീഷണൽ ചീഫ് സെക്രട്ടറി കേരള സർക്കാറിന് കത്തു നൽകുകയും ചെയ്തിരുന്നു. തലശ്ശേരി-മൈസൂർ റെയിൽപാതയ്ക്കുവേണ്ടി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. ഡി.പി.ആർ തയ്യാറാക്കാൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയിട്ട് നാലര വർഷം കഴിഞ്ഞു.
ഒരു ലോബി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് റെയിൽപാതയുടെ പ്രവൃത്തികൾ മുടങ്ങിപ്പോയതെന്ന് ആക്ഷൻ കമ്മറ്റി ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ കൺവീനർ അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ.മത്തായി, മോഹൻ നവരംഗ് എന്നിവർ സംബന്ധിച്ചു.