കോഴിക്കോട്: രാജ്യത്തിനാകെ മാതൃകയായി ടൗൺ പൊലീസ് സ്റ്റേഷൻ. ഇന്ത്യയിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് പൊലീസ് സ്റ്റേഷൻ എന്ന വിശേഷണം കൈവന്നിരിക്കുകയാണ് ഈ സ്റ്റേഷന്. രാജ്യത്തെ ആദ്യത്തെ ശിശുസൗഹൃദ പൊലീസിംഗ്, ജനമൈത്രി പൊലീസിംഗ് ബഹുമതികൾക്ക് പുറമെയാണ് ഐ.എസ്.ഒ അംഗീകാരം.
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ടൗൺ പൊലീസ് സ്റ്റേഷനിൽ ഇന്നലെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. അടുത്ത കാലത്ത് പൊതുവെ പൊലീസ് സ്റ്റേഷനുകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ച് സ്റ്റേഷൻ മാതൃക തീർക്കുകയായിരുന്നു. എസ്.എസ്.എൽ.സി തോറ്റവർക്കും പഠനം പൂര്‍ത്തിയാക്കാതെ സ്‌കൂളിൽ നിന്ന് കൊഴിഞ്ഞു പോയവർക്കും 'ഹോപ്പ് ' പദ്ധതിയിലൂടെ പരിശീലനം നൽകിയിരുന്നു. അങ്ങനെ പരീക്ഷയെഴുതിയ 62 കുട്ടികളിൽ 58 പേരെ വിജയിപ്പിക്കാൻ കഴിഞ്ഞു. പൊലീസിന്റെ 'ചിരി' പദ്ധതിയിലൂടെ കുട്ടികൾക്ക് കൗൺസലിംഗ് നൽകി വരുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 4800ൽ പരം അന്യസംസ്ഥാന തൊഴിലാളികളെ തങ്ങളുടെ നാട്ടിലേക്ക് മടക്കി അയക്കുന്നതിലും തെരുവിൽ കഴിയുന്ന എഴുന്നൂറിലേറെ പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിലും സ്റ്റേഷൻ അധികൃതർ പ്രശംസനീയമായ പങ്ക് വഹിച്ചു.
ചടങ്ങിൽ എം.കെ.മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ഐ.ജി അശോക് യാദവ്, സിറ്റി പൊലീസ് ചീഫ് എ.വി.ജോർജ്, ലീഡ് ഓഡിറ്റർ ലിബിൻ ബേബി, കൗൺസിലർ എസ്.കെ.അബൂബക്കർ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ശശികുമാർ, കേരള പൊലീസ് അസോസിയേഷൻ സെക്രട്ടറി ശ്രീജേഷ്, സ്റ്റേഷൻ റൈറ്റർ കെ.ദേവരാജ് തുടങ്ങിയവർ സംബന്ധിച്ചു.