കൽപ്പറ്റ: സംസ്ഥാന ബഡ്ജറ്റിൽ വയനാട് മെഡിക്കൽ കോളേജിനായി 300 കോടി രൂപ വകയിരുത്തിയെന്ന പ്രഖ്യാപനം മെഡിക്കൽ കോളേജിനായി കാത്തിരിക്കുന്ന വയനാട്ടുകാരെ തൃപ്തിപ്പെടുത്തുന്നതല്ലെന്ന് ജിനചന്ദ്രൻ സ്മാരക ഗവ. മെഡിക്കൽ കോളേജ് ആക്‌ഷൻ കമ്മറ്റി.

അടുത്ത തിരഞ്ഞെടുപ്പ് വരെ വയനാട്ടിലെ നിയോജക മണ്ഡലങ്ങളെ വെറുപ്പിക്കാതിരിക്കാനുളള തന്ത്രത്തിന്റെ ഭാഗമാണിത്.

മെഡിക്കൽ കോളേജ് എവിടെ തുടങ്ങുമെന്ന് സർക്കാർ പറയുന്നില്ല. 2015 ൽ യു.ഡി.എഫ് സർക്കാർ തറക്കല്ലിട്ട ജിനചന്ദ്രൻ സ്മാരക ഗവ: മെഡിക്കൽ കോളേജ് നിർമ്മാണം മടക്കിമലയിൽ പുനരാരംഭിക്കൽ മാത്രമാണ് ഇത് യാഥാർത്ഥ്യമാകാനുള്ള ഏക പോംവഴി.

പത്മപ്രഭാ ലൈബ്രറി ഓഡിറ്റോറിയത്തിൽ ചേർന്ന ആക്‌ഷൻ കമ്മറ്റി യോഗത്തിൽ ചെയർമാൻ സൂപ്പി പള്ളിയാൽ അദ്ധ്യക്ഷത വഹിച്ചു. മോയിൻ കടവൻ, കെ.സദാനന്ദൻ, വി.എ.മജീദ്, യഹ്യാഖാൻ തലക്കൽ, പൌലോസ് കുറുമ്പേമഠം, ഗഫൂർ വെണ്ണിയോട്, പി.കെ.അനിൽകുമാർ, പി.കെ.അബ്ദുറഹിമാൻ,

വി.ഹരിദാസൻ, വി.വി.ജിനചന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റനീഷിനെ കൺവീനറായും വി.എ.മജീദ്, യഹ്യാഖാൻ തലക്കൽ

പി.കെ.അനിൽകുമാർ എന്നിവരെ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുത്തു.

മടക്കിമലയിലെ ഭൂമിയിലൊഴികെ മറ്റ് എവിടെ ഭൂമി ഏറ്റെടുത്താലും അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. 20ന് രാവിലെ 11 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ്ണ നടത്തും.