thomas-isaac

വടകര: ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബഡ്‌ജറ്റിൽ വടകരയ്ക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ല. വടകര ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കുകൾ തുറക്കാനും അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കാനും തുക വകയിരുത്തുമെന്ന് പൊതുവെ പ്രതീക്ഷിച്ചെങ്കിലും തുകയൊന്നും നീക്കിവെച്ചിട്ടില്ല.

നിലവിൽ നടന്നുവരുന്ന റോഡ് വികസനവും മറ്റു പ്രവൃത്തികളുമല്ലാതെ വടകരയ്ക്കായി ഒന്നുമില്ലെന്ന പരാതിയാണ് പൊതുവെ. മടപ്പള്ളി കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതടക്കം ഒരു കാര്യത്തിലും നടപടിയില്ല.

കടത്തനാടിന്റെ സാംസ്‌കാരിക പൈതൃകമായി ഉയർത്തിക്കാണിക്കാവുന്ന കളരിപ്പയറ്റ്‌ ‌ അക്കാദമിയെ ബഡ്‌ജറ്റിൽ മറന്നു. അക്കാദമി രൂപീകരിച്ചെന്നല്ലാതെ പ്രവർത്തനം ഫയലിൽ ഒതുങ്ങിയിരിക്കുകയാണ്. ഇതിന് ഫണ്ടൊന്നും അനുവദിച്ചിട്ടില്ല.

മത്സ്യമേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ചോമ്പാൽ തുറമുഖത്ത് അടിസ്ഥാനസൗകര്യ വികസന പദ്ധതി ഇപ്പോഴും അകലെയാണ്. ബഡ്‌ജറ്റിൽ ഇതേക്കുറിച്ച് പരാമർശമില്ല. ഈ അവഗണന മത്സ്യത്തൊഴിലാളികളോടുള്ള വെല്ലിവിളിയാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ചോമ്പാൽ ഹാർബർ വികസനവുമായി ബന്ധപ്പെട്ട് നിരന്തരം ആവശ്യമുന്നയിച്ചു വരികയായിരുന്നു മത്സ്യത്തൊഴിലാളികൾ. എന്നാൽ, ബഡ്‌ജറ്റിൽ അതൊന്നും പരിഗണിക്കപ്പെട്ടില്ല.

''വടകര നിയോജകമണ്ഡലത്തെ പൂർണമായും അവഗണിച്ചിരിക്കുകയാണ് ബഡ്‌ജറ്റിൽ. ഏതാനും റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് മാത്രമാണ് ഫണ്ട് അനുവദിച്ചത്.

പ്രദീപ് ചോമ്പാല,

ജില്ലാ ജനറൽ സെക്രട്ടറി,

കേരള കോൺഗ്രസ് (ജേക്കബ്)