കോഴിക്കോട്: എലത്തൂർ നിയോജകമണ്ഡലത്തിലെ കാക്കൂർ ഗ്രാമപഞ്ചായത്തിൽ കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മൃഗാധിഷ്ഠിത വ്യാവസായ കേന്ദ്രം സ്ഥാപിക്കുന്നതിനോടൊപ്പം കർഷകർക്ക് പരിശീലനവും നൽകുന്നതിനുമാണ് കാക്കൂരിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

കക്കോടി ഗ്രാമപഞ്ചായത്തിനെയും കോഴിക്കോട് കോർപ്പറേഷനേയും തമ്മിൽ ബന്ധിപ്പിച്ച് പൂനൂർ പുഴയ്ക്ക് കുറുകെ ചിറ്റടിക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപയും സംസ്ഥാന ബഡ്‌ജറ്റിൽ അനുവദിച്ചിട്ടുണ്ട്. രാമല്ലൂർ മമ്പറം തോട് സംരക്ഷണം, നന്മണ്ട മിനി സിവിൽ സ്റ്റേഷൻ, കുടത്തുംപൊയിൽ ചെലപ്രം റോഡ് നവീകരണം, ഒളോപ്പാറ ടൂറിസം പദ്ധതി, അണ്ടിക്കോട് ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം, കാക്കൂർ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം, കുറ്റ്യാടി കനാൽ ഇൻസ്‌പെക്ഷൻ റോഡ് നവീകരണം തുടങ്ങി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പദ്ധതികൾ സംസ്ഥാന ബഡ്‌ജറ്റിൽ ഇടം പിടിച്ചതായും മന്ത്രി അറിയിച്ചു.