കോഴിക്കോട്: പുതുപ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അടിവാരം - നൂറാംതോട് റോഡിലെ പോത്തുണ്ടി പാലം പുനർനിർമ്മിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി ജോർജ് എം തോമസ്‌ എം.എൽ.എ അറിയിച്ചു.

നിലവിലുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന കലുങ്ക് മലവെള്ളപ്പാച്ചിലിൽ തകർന്നു പോവുകയായിരുന്നു. താത്കാലിക സംവിധാനമായി വെന്റ് പൈപ്പ് പാലം ഒരുക്കിയിട്ടുണ്ടെങ്കിലും മഴ കനത്താൽ വെള്ളത്തിനടിയിലാവും. ഇതിന് പരിഹാരമായാണ് ഇവിടെ ആധുനികരീതിയിലുള്ള പുതിയ പാലം നിർമ്മിക്കുന്നത്. 3 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതിയ്ക്ക് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി 21 ആണ്. 25 ന് ടെൻഡർ തുറക്കും.

ഈങ്ങാപ്പുഴ - ഓമശ്ശേരി റോഡിൽ പുതുപ്പാടി പഞ്ചായത്തിലെ കുപ്പായക്കോട് പാലംകാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. നിർമ്മാണം നടന്നുവരുന്ന റോഡ് പ്രയോജനപ്പെടുത്തണമെങ്കിൽ ഇവിടെ പാലം പുനർനിർമ്മിക്കണം. കഴിഞ്ഞ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയ ഈ പ്രവൃത്തിയ്ക്ക് 2.5 കോടി രൂപയുടെ ഭണാനുമതി ലഭിച്ചിട്ടുണ്ട്. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് പ്രവൃത്തി വേഗത്തിൽ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.