കോഴിക്കോട്: വാദ്യമേളങ്ങൾ, അനുഷ്ഠാന കാഴ്ചകൾക്കൊപ്പം താളത്തിൽ ചുവടുവയ്ക്കുന്ന ആട്ടക്കാർ, പൊരി കച്ചവടക്കാർ, വള, മാല,ബലൂൺ വിൽപ്പനക്കാർ.. ഇങ്ങനെ പോകുന്നു നവംബർ മുതൽ സജീവമാകുന്ന ഉത്സവപ്പറമ്പിലെ കാഴ്ചകൾ. എന്നാൽ കഴിഞ്ഞ മാർച്ചിൽ കൊവിഡ് പരത്തിയ ഇരുട്ടിൽ ആണ്ടുപോയ ഒരു കൂട്ടം കലാകാരന്മാർ ജനുവരി ആയിട്ടും അതിജീവനത്തിന്റെ വെളിച്ചം പരതുകയാണ്. ഉത്സവങ്ങൾക്ക് അനുമതി ലഭിച്ചെങ്കിലും ഉത്സവകാഴ്ചകൾക്കോ മേളങ്ങൾക്കോ ആവശ്യക്കാരെത്തിയില്ല.
കോഴിക്കോട് വരയ്ക്കൽ, കടലുണ്ടി വാവുത്സവങ്ങളോടെ ആരംഭിക്കുന്ന ഉത്സവകാലം വിഷു കഴിയുന്നതോടെയാണ് അവസാനിക്കുന്നത്. കൊവിഡ് വ്യാപനത്തോടെ കാവടിയാട്ടം, കരകാട്ടം തുടങ്ങിയവയ്ക്ക് വേണ്ട സാധനങ്ങളെല്ലാം മാർച്ചിൽ തന്നെ മുറിക്കുള്ളിലായി. മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ പൊടിയും മാറാലയും പിടിച്ച് നശിക്കുകയാണ്. പൂക്കാവടിയും മറ്റും എലി തിന്നുപോയി. പലതരം ജോലികൾ ചെയ്ത് കുടുംബം പുലർത്തുന്ന കലാകാരന്മാർക്ക് കരുതിവയ്ക്കാനുള്ള വരുമാനം കിട്ടിയിരുന്നത് ഉത്സവകാലത്താണ്. ഒപ്പം സർഗകഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും. ഒരോ ഉത്സവ സീസണും കഴിയുമ്പോൾ അടുത്ത വർഷത്തേക്ക് പുതിയ ചുവടുകളും താളങ്ങളും പരിശീലിക്കുമായിരുന്നു. ഏകദേശം 70 മുതൽ 80 വരെ പരിപാടികൾ ചെയ്തിരുന്ന കലാകാരൻമാരുടെ ഇപ്പോഴത്തെ ആശ്വാസം കല്യാണം പൊലിപ്പിക്കാനുള്ള വിളികൾ മാത്രം.
ഡിസംബർ 28ന് മാനാഞ്ചിറയിൽ ഉത്സവങ്ങൾ തിരികെ കൊണ്ടുവരണമെന്നും കലാകാരന്മാരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ധർണ നടത്തിയിരുന്നു. എന്നാൽ ജനുവരി 5 മുതൽ ഉത്സവങ്ങൾക്ക് അനുമതി നൽകിയെങ്കിലും ആഘോഷങ്ങൾ ചടങ്ങിൽ ഒതുങ്ങി. ഉത്സവം നടത്താൻ അനുമതിയായതോടെ ആഘോഷ കമ്മിറ്റിക്കാരെ വിളിച്ച മേളക്കാർക്ക് കിട്ടിയ ഉത്തരം കൊവിഡ് കാലത്ത് ഫണ്ട് പിരിച്ച് ഉത്സവങ്ങൾ നടത്തലൊന്നും നടക്കില്ല, അടുത്ത പ്രാവശ്യം ആവട്ടെ എന്നായിരുന്നു.
''ആകെ ലഭിക്കുന്നത് കല്യാണങ്ങളാണ്. അതിൽ സംഘത്തിലെ എല്ലാവരെയും കൊണ്ടുപോകാൻ സാധിക്കില്ല. സീസൺ സമയമാണ് കഴിഞ്ഞുപോകുന്നത്, സംഘത്തിലെ പലരുടെയും ഉപജീവന മാർഗമാണിത്. സർക്കാർ അനുവദിച്ച ആശ്വാസ തുക പോലും എല്ലാവർക്കും ലഭിച്ചിട്ടില്ല'' - വിനോദ്, ബാലമുരുക കലാസമിതി, കോഴിക്കോട്.