കോഴിക്കോട്: കോൺഗ്രസ് പുനഃസംഘടനയെക്കുറിച്ച് അറിയില്ലെന്നും എക്‌സ് മാറി വൈ വന്നതുകൊണ്ടു മാത്രം പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു.
വടകര ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലെ ഏഴു നിയമസഭാ നിയോജകമണ്ഡലങ്ങളിലൊഴികെ മറ്റെവിടെയും പ്രചാരണത്തിന് ഇറങ്ങില്ല. ഇത് ഉറച്ച തീരുമാനമാണ്.
വടകര സീറ്റ് ആർ.എം.പിക്ക് നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. യു.ഡി.എഫിന് പുറത്തുള്ള കക്ഷികൾക്ക് സീറ്റ് നൽകുന്ന കാര്യം മുന്നണിയാണ് തീരുമാനിക്കേണ്ടത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആർ.എം.പിയുമായുള്ള സഹകരണം വടകര മേഖലയിൽ യു.ഡി.എഫിന് പ്രകടമായ ഗുണം ചെയ്തിട്ടുണ്ട്. എൽ.ജെ.ഡി പോയിട്ടുപോലും നാലു പഞ്ചായത്തുകളിൽ മൂന്നിലും യു.ഡി.എഫിന് അധികാരത്തിലേറാൻ കഴിഞ്ഞു.