കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ 'ഓപ്പറേഷൻ സ്ക്രീൻ' പരിശോധനയിൽ കുടുങ്ങിയത് 39 പേർ. ജില്ലയിൽ കോഴിക്കോട് സിറ്റി. നഗരാതിർത്തി, വടകര എന്നീ മൂന്നിടങ്ങളിലായിരുന്നു പരിശോധന. കർട്ടൻ, കൂളിംഗ് ഗ്ളാസ് ഉപയോഗിച്ചുള്ള വാഹനങ്ങളാണ് ഇന്നലെ മുതൽ സംസ്ഥാന വ്യാപകമായി പരിശോധിച്ചു തുടങ്ങിയത്.
1250 രൂപ വരെ പിഴയിടാൻ വ്യവസ്ഥയുണ്ടെങ്കിലും ആദ്യ ദിവസം 250 രൂപയാണ് പിഴ ഈടാക്കിയത്. ഉദ്യോഗസ്ഥർ നേരിട്ട് പിഴ ഈടാക്കാതെ മൂന്ന് ദിവസത്തിനകം അടക്കാനുള്ള നോട്ടീസാണ് നൽകിയത്. നിശ്ചിത തുക മൂന്ന് ദിവസത്തിനകം അടച്ചില്ലെങ്കിൽ 1250 രൂപ നൽകേണ്ടി വരും.
ആദ്യ ടീം പരിശോധന വൈകീട്ട് അഞ്ച് മണിയോടെ അവസാനിച്ചു. രണ്ടാമത്തെ ടീം രാത്രിയിലും പരിശോധന തുടരും. വെഹിക്കിൾ ഇൻസ്പെക്ടർ ( എൻഫോഴ്സ്മെന്റ് ) ഷബീർ മുഹമ്മദ് പരിശോധനയ്ക്ക് നേതൃത്വം നൽകി. അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരായ അനിൽകുമാർ, സനൽ വി മണപ്പുള്ളി, സനൽകുമാർ, മുനീർ, രഘു, ബിജു, ശിവദാസ്, എൻ.എസ് ബിനു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.