കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ മുന്നേറുമ്പോഴും രോഗികൾ നാൾക്കുനാൾ കൂടുന്നു.സമ്പർക്കരോഗികളുടെ എണ്ണത്തിലുണ്ടാവുന്ന വർദ്ധനയാണ് വീണ്ടും ആശങ്കയിലാക്കുന്നത്. ജില്ലയിൽ ഇന്നലെ 677 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കും പോസിറ്റീവായി. 15 രോഗികളുടെ ഉറവിടം വ്യക്തമല്ല. 659 പേരാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിതരായത്. കോഴിക്കോട് സ്വദേശികളായ 6716 പേർ ജില്ലയിലും മറ്റ് ജില്ലകളിൽ 84പേരും ചികിത്സയിൽ കഴിയുന്നു.മറ്റ് ജില്ലക്കാരായ 264 പേർ കോഴിക്കോട് ചികിത്സയിലുണ്ട്.

സമ്പർക്ക രോഗികൾ

കോഴിക്കോട് കോർപ്പറേഷൻ - 190, വടകര - 44, ഫറോക്ക് - 25, വില്യാപ്പളളി - 21, ചേളന്നൂർ - 18, താമരശ്ശേരി - 17, കാക്കൂർ - 16, മണിയൂർ - 16, ഉള്ള്യേരി - 15, നന്മണ്ട - 15, ഏറാമല - 12.

ഭീതി ഉയർത്തി കുന്ദമംഗലത്തും

കുന്ദമംഗലം: കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും കൊവിഡ് ജാഗ്രത കുറഞ്ഞതോടെ പഞ്ചായത്തിൽ രോഗികൾ ക്രമാതീതമായി കൂടുന്നു. വെള്ളിയാഴ്ച കാരന്തൂർ സ്കൂളിൽ 138 പേരിൽ നടത്തിയ ആന്റിജൻ- ആർ.ടി.പി.സി.ആർ പരിശോധനകളിൽ 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുന്ദമംഗലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.37 ആണ്. വെള്ളി, ചൊവ്വ ദിവസങ്ങളിലാണ് പരിശോധന നടത്തുന്നത്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ അയവ് വന്നിട്ടില്ലെങ്കിലും ചിലരെങ്കിലും മാസ്ക് പോലും ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. ട്യൂഷൻ ക്ലാസുകളിലും ഹയർസെക്കൻഡറി സ്ക്കൂളുകളിലും വിദ്യാർത്ഥികൾ കൂട്ടമായി വരുന്നതും പോകുന്നതും നെഞ്ചിടിപ്പ് കൂട്ടുകയാണ്. പ്ലസ്ടു വിദ്യാർത്ഥികൾക്ക് സ്കൂളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ക്ലാസ് വിട്ടാൽ അങ്ങാടികളിലും ബസ് സ്റ്റോപ്പുകളിലും കുട്ടികൾ കറങ്ങി നടക്കുകയാണ്. പല വിദ്യാ‌ർത്ഥികളും മാസ്ക് താടിയിലേക്ക് താഴ്ത്തി പപ്സും സിപ്അപ്പും കഴിച്ച് കൂട്ടമായി കുന്ദമംഗലം ബസ്‌സ്റ്റാന്റിൽ തിരിഞ്ഞുകളിക്കുകയാണ്. നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് കുന്ദമംഗലത്ത് കല്ല്യാണങ്ങളും ഉത്സവങ്ങളും സജീവമായിട്ടുണ്ട്. വാക്സിനേഷൻ സാധാരണക്കാരിലെത്തും വരെ കർശന ജാഗ്രത പാലിച്ചേ മതിയാവൂ എന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.