congress

മുക്കം: കോൺഗ്രസിലെ പടലപിണക്കത്തിന് മുറുക്കം കൂടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മുക്കത്ത് വിളിച്ചുചേർത്ത കോൺഗ്രസ് ജനറൽ ബോഡി യോഗത്തിലും ഐ വിഭാഗം പങ്കെടുത്തില്ല. ഏറെ നാളായി ഇവിടെ ഐ - എ വിഭാഗങ്ങൾ തുറന്ന പോരിൽ തന്നെയാണ്.

തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കു പുറമെ പ്രതിപക്ഷ നേതാവിന്റെ കേരളയാത്ര, വോട്ടർപട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയ പ്രധാന കാര്യങ്ങൾ അജണ്ടയായി നിശ്ചയിച്ച് കെ.പി.സി.സി യുടെ നിർദ്ദേശപ്രകാരം വിളിച്ചുചേർത്തതായിരുന്നു ജനറൽ ബോഡി യോഗം. ബ്ലോക്ക്, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ,ബുത്ത്/ഡിവിഷൻ പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ പ്രസിഡന്റുമാർ, മുനിസിപ്പൽ കൗൺസിലർമാർ, തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥികൾ എന്നിവരുടെ യോഗമാണ് വിളിച്ചുകൂട്ടിയത്.

സംഘടനാരംഗത്ത് മുക്കം മണ്ഡലത്തിൽ ഏറെ നാളായി തുടരുന്ന പ്രശ്നങ്ങളെ കുറിച്ച് ജില്ലാ കമ്മിറ്റിയ്ക്കും സംസ്ഥാന നേതൃത്വത്തിനും പലവട്ടം നൽകിയ പരാതികൾക്കൊന്നും യാതൊരു പരിഹാരവും ഉണ്ടാവാത്ത സാഹചര്യത്തിലാണ് പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ഐ വിഭാഗം നേതാക്കൾ പറയുന്നു. മുക്കം സർവിസ് സഹകരണ ബാങ്ക് വിഷയത്തിൽ മേൽകമ്മറ്റി സ്വീകരിച്ച നിലപാടിലും ഐ ഗ്രൂപ്പിന് പ്രതിഷേധമുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്യാനും അഡ്മിനിസ്ട്രേറ്റർ ഭരണമേർപെടുത്താനും ഇടയാക്കിയത് കെ.പി.സി.സി യുടെയും ഡി.സി.സിയുടെയും കഴിവുകേടു കൊണ്ടാണെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും ഐ വിഭാഗക്കാർ കുറ്റപ്പെടുത്തുന്നു.