moideenappam

കോഴിക്കോട്: വർഷങ്ങൾക്ക് മുമ്പ് കുറ്റ്യാടിയിൽ നിന്ന് വയനാട് വെള്ളമുണ്ടയിൽ താമസമാക്കാൻ ചുരംകയറിയതാണ് ഇബ്രാഹിം. ഒരിക്കൽ സുഹൃത്തായ ഷെമീർ വീട്ടിലെത്തിയപ്പോൾ ഇബ്രാഹിം 'പ്രത്യേക' അപ്പം നൽകി സത്ക്കരിച്ചു. സംഗതി പരീക്ഷണമാണെങ്കിലും ഇബ്രാഹിമിന്റെ അപ്പം ഷെമീറിന് പെരുത്ത് പിടിച്ചു. 25 വർഷത്തിനിപ്പുറം സഹോദരിയ്ക്ക് വേണ്ടി ഷമീർ സുഹൃത്തിൽ നിന്ന് പഠിച്ചെടുത്ത അപ്പക്കൂട്ട് സ്വാദ് പരത്തുകയാണ് 'മൊയ്തീനപ്പമായി' വയനാടൻ കാഴ്ചകൾക്കൊപ്പം. വടുവൻചാലുള്ള സഹോദരിയുടെ വീട്ടിലെത്തിയ ഷെമീറും സഹോദരീ ഭർത്താവ് മൊയ്തീനും ചേർന്ന് തയ്യാറാക്കിയ അപ്പം സൂപ്പറായതോടെയാണ് കടകളിൽ മൊയ്തീനപ്പം ഇടംപിടിച്ചത്.

ഷെമീറും മൊയ്തീനും പുലർച്ചെ എഴുന്നേറ്റ് വടുവൻചാലുള്ള കടകളിലേക്ക് ആവശ്യമായ അപ്പം ഉണ്ടാക്കും. മൊയ്തീനാണ് അപ്പം കടകളിൽ എത്തിച്ചിരുന്നത്. പ്രത്യേക പേരൊന്നും ഇല്ലാത്തതിനാൽ മൊയ്തീൻ കൊണ്ടുവരുന്ന അപ്പത്തിന് കടക്കാരാണ് മൊയ്തീനപ്പം എന്നു പേരിട്ടത്. വടുവൻചാൽ മാത്രമല്ല വയനാടും കോഴിക്കോട് അടിവാരം വരെയും തമിഴ്‌നാട്ടിലേക്കും അപ്പം എത്തുന്നുണ്ട്. ഗൾഫിലേക്ക് പോകുന്നവർ പുലർച്ചെ മൊയ്തീന്റെ വീട്ടിലെത്തി അപ്പം വാങ്ങിയാണ് മടക്കം.

തലേദിവസം വൈകീട്ട് അരിയും പഞ്ചസാരയും തേങ്ങയും ചില 'രഹസ്യ' കൂട്ടുകളും ചേർത്ത് മാവ് അരച്ച് വെക്കും. പിറ്റേന്ന് പുലർച്ചെ 4 മണിയ്ക്ക് അപ്പം ചുടുന്നത്. തുടക്കത്തിൽ 8 രൂപയായിരുന്നു വില. ഇപ്പോൾ 30 രൂപയാണ്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഷമീർ നിർത്തി പോയതോടെ മൊയ്തീന്റെ ഭാര്യ ജമീലയും മകൻ ഷൗക്കത്തുമാണ് സഹായികൾ. സാധനങ്ങളുടെ വില കൂടിയെങ്കിലും 'മൊയ്തീൻ ബ്രാന്റ് ' അപ്പത്തിന് വിലകൂട്ടാൻ മൊയ്തീൻ തയ്യാറല്ല. ലാഭം എന്നതിലുപരി മനസിന് സന്തോഷം കൂടിയാണ് അപ്പമെന്ന് മൊയ്തീൻ പറയുന്നു. ആവശ്യക്കാർ എത്രയായാലും തന്റെ കൈ കൊണ്ട് തന്നെ അപ്പം ചുട്ട് നൽകാനാണ് മൊയ്തീന് താത്പര്യം. 300 മുതൽ 400 വരെ അപ്പമാണ് ഒരു ദിവസം ചുടുന്നത്.