കൽപ്പറ്റ: ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ പ്രളയ ഉരുൾപൊട്ടൽ പഠന റിപ്പോർട്ട് 'വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത' എന്ന പേരിൽ പുസ്തക രൂപത്തിൽ പുറത്തിറക്കി. ജില്ലാ ലൈബ്രറി കൗൺസിൽ എരനെല്ലൂരിൽ സംഘടിപ്പിച്ച പുസ്തകോത്സവ വേദിയിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പുസ്തകം വൈത്തിരി താലൂക്ക് ലൈബ്രറി സെക്രട്ടറി പി.സുമേഷിന് നൽകി പ്രകാശനം ചെയ്തു. പരിഷത് ജില്ലാ സെക്രട്ടറി ദേവസ്യ, ജോ സെക്രട്ടറി കുഞ്ഞികൃഷ്ണൻ, പി.സുരേഷ്ബാബു, പി.സി.ജോൺ എന്നിവർ പങ്കെടുത്തു.

2018 ലെയും 2019 ലെയും പ്രളയവും ഉരുൾപൊട്ടലും ഉണ്ടാക്കിയ ആഘാതം പഠന വിധേയമാക്കി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ മുൻ കരുതലുകൾ എടുക്കണം എന്ന നിർദേശങ്ങളോട് കൂടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

മുൻ വർഷങ്ങളിലെ മഴയുടെയും ഉരുൾപൊട്ടലുകളുടെയും വിവരങ്ങളും, ഭൂപ്രകൃതിയുടെ ചരിവും, മണ്ണിന്റെ ഘടനയും നീർച്ചാലുകളുടെ വിന്യാസവും കണക്കിലെടുത്ത് ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തികൊണ്ട്, ഒരു പരിധിയിൽ കൂടുതൽ മഴ ലഭിച്ചാൽ ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളെ മുൻകൂട്ടി കണ്ടെത്താൻ കഴിയും. വയനാട്ടിലെ ഓരോ പഞ്ചായത്തിലേയും ഇത്തരം സ്ഥലങ്ങൾ മാപ്പ് ചെയ്തു റിപോർട്ടറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

കഴിഞ്ഞ കുറെ വർഷങ്ങളായി മഴ കുറവ് രേഖപ്പെടുത്തിയിട്ടുള്ള ജില്ലയാണ് വയനാട്.
2017 ൽ 37 ശതമാനം മഴ കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. എന്നാൽ 2018 ൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ 10 മുതൽ 80 ശതമാനം വരെ കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് എടുക്കാവുന്ന മുൻകരുതലുകൾ പുസ്തകത്തിൽ പറയുന്നുണ്ട്.
പുസ്തകം ലൈബ്രറി കൗൺസിൽ പുസ്തകമേളയിലെ പരിഷത് സ്റ്റാളിൽ ലഭ്യമാണ്.